പത്താൻകോട്ട് ഭീകരാക്രമണം: പിന്നിൽ ആരെന്ന് അറിയാമെന്ന് പ്രതിരോധ മന്ത്രി

പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ട് വ്യോമതാവളത്തിന് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ആരെന്ന് പ്രാഥമിക ധാരണയുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ. അന്വേഷണത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. ആക്രമണം നടത്തിയ ആറ് ഭീകരരെയും സൈന്യം വധിച്ചു. സ്ഥലത്ത് സേനയുടെ തിരച്ചിൽ തുടരുകയാണെന്നും മനോഹർ പരീക്കർ പറഞ്ഞു.  പത്താൻകോട്ട് വ്യോമതാവളം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

ഭീകരർ വ്യോമതാവളത്തിനുള്ളിൽ കയറിയത് ആശങ്കയുളവാക്കി. സുരക്ഷയിൽ പാളിച്ച ഉണ്ടായിട്ടില്ല. ആയുധങ്ങൾക്കും കെട്ടിടങ്ങൾക്കും വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ല. രണ്ട് ഭീകരർ ഒളിച്ചിരുന്ന കെട്ടിടത്തിന് മാത്രമാണ് ചെറിയ കേടുപാടുകൾ ഉണ്ടായത്. പത്താൻകോട്ടിൽ നിന്ന് പാക് നിർമിത ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത രണ്ട് ഭീകരരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കുമെന്നും പരീക്കർ വ്യക്തമാക്കി.

ഭീകരർ ഒരുക്കിവെച്ച കെണിയിൽ ഒരു സൈനികന്‍റെ ജീവൻ നഷ്ടപ്പെട്ടു. ഇത് ആവർത്തിക്കാൻ അനുവദിക്കില്ല. വ്യോമതാവളത്തിൽ ഭീകരർ എന്തെങ്കിലും സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി സൈനിക നടപടി തുടരും. ഭീകരരെ നേരിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികർക്കുള്ള എല്ലാ ആനുകൂല്യങ്ങളും വീരമൃത്യുവരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്ക് ലഭ്യമാക്കുമെന്നും പരീക്കർ അറിയിച്ചു.

24 കിലോമീറ്റര്‍ ചുറ്റളവും 2000 ഏക്കര്‍ വിസ്്തൃതിയുമുള്ള വ്യോമതാവളത്തിലേക്ക് ഭീകരര്‍ എങ്ങനെ കടന്നുവെന്നത് അജ്ഞാതമാണ്. വെടിയുണ്ടകളും മോര്‍ട്ടാറുകളും അടങ്ങുന്ന 40 കിലോയിലധികം ഭാരംവരുന്ന സാധനങ്ങളുമായാണ് അവര്‍ താവളത്തിലത്തെിയത്. നിലയത്തിലെ ഗ്രനേഡ് ലോഞ്ചറുകളും ഉപയോഗിച്ചു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തേണ്ടതുണ്ടെന്നും രാജ്യത്തെ മറ്റു സൈനികനിലയങ്ങളിലും സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, നുഴഞ്ഞുകയറിയ ആറു ഭീകരരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചതോടെ വ്യോമതാവളത്തിലെ സൈനികദൗത്യം അവസാനിപ്പിച്ചു. തിരച്ചില്‍ ബുധനാഴ്ചകൂടി തുടരും. വ്യോമതാവളം പൂര്‍ണ സുരക്ഷിതമെന്ന് ഉറപ്പുവരുത്താനാണിത്. 36 മണിക്കൂര്‍ നീണ്ട ദൗത്യത്തിനിടെ, ഏഴു സുരക്ഷാസൈികരാണ് കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.