ശ്രീശാന്ത് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥി; ഭീമന്‍ രഘു പത്തനാപുരത്ത്

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവരുമായി നടന്ന കൂടിക്കാഴ്ചയില്‍ ശ്രീശാന്ത് ബി.ജെ.പി അംഗത്വം സ്വീകരിച്ചു. ശ്രീശാന്ത് ഉള്‍പ്പെടെ 51 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 22 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

 ബി.ജെ.പിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വലിയ അവസരമാണെന്നും കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ബി.ജെ.പി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരെ കണ്ട ശ്രീശാന്ത് പറഞ്ഞു. കേരളത്തിന്‍െറ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കും. രാഷ്ട്രീയത്തെക്കുറിച്ച് ആലോചിക്കുമ്പോഴെല്ലാം വലുതും ശക്തവുമായ ബി.ജെ.പിയാണ് മനസ്സിലുണ്ടായിരുന്നത്. യുവാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട്. വെല്ലുവിളി നേരിടാന്‍ തയാറായിത്തന്നെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കും. കേരളത്തില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നും ശ്രീശാന്ത് തുടര്‍ന്നു.

ശ്രീശാന്തിനു പുറമെ സംവിധായകന്‍ രാജസേനന്‍ (നെടുമങ്ങാട്), നടന്‍ ഭീമന്‍ രഘു (പത്തനാപുരം), സംവിധായകന്‍ അലി അക്ബര്‍ (കൊടുവള്ളി) എന്നിവരാണ് രണ്ടാം പട്ടികയിലെ പ്രധാനികള്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ച രണ്ടാം പട്ടിക നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ അംഗീകരിച്ച ശേഷമാണ് പുറത്തുവിട്ടത്. അവശേഷിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ തീരുമാനമാകുമെന്നും യോഗതീരുമാനം വിശദീകരിച്ച കേന്ദ്രമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.  തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ കേരളത്തില്‍നിന്ന് പാര്‍ട്ടി പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.