ആദ്യ മാലേഗാവ് സ്ഫോടനക്കേസും അട്ടിമറിക്കാന്‍ നീക്കം

മുംബൈ: 2006ലെ ആദ്യ മാലേഗാവ് സ്ഫോടനക്കേസില്‍ ഒമ്പത് സിമി പ്രവര്‍ത്തകരെ കുറ്റമുക്തരാക്കിയ പ്രത്യേക എന്‍.ഐ.എ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനം. 2006 സെപ്റ്റംബര്‍ എട്ടിന് ജുമുഅ നമസ്കാരത്തിനിടെ ഹാമിദിയ മസ്ജിദിലും ബഡെ ഖബര്‍സ്ഥാനിലും മുശാവറത്ത് ചൗക്കിലുമുണ്ടായ സ്ഫോടന പരമ്പര കേസില്‍ ആദ്യം മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ്ചെയ്യുകയും പിന്നീട് എന്‍.ഐ.എ തെളിവുകളില്ളെന്ന് കോടതിയെ അറിയിക്കുകയും ചെയ്ത ഒമ്പത് മുന്‍ സിമി പ്രവര്‍ത്തകരെ കഴിഞ്ഞ 25നാണ് എന്‍.ഐ.എ കോടതി കുറ്റമുക്തരാക്കിയത്.

2011ല്‍ കേസ് അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ സ്ഫോടനത്തിനു പിന്നില്‍ അഭിനവ് ഭാരത് സംഘടനയാണെന്ന് കണ്ടത്തെുകയും ലോകേഷ് ശര്‍മ, ധന്‍ സിങ്, മനോഹര്‍ സിങ്, രാജേന്ദ്ര ചൗധരി എന്നിവരെ അറസ്റ്റ്ചെയ്ത് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2008ലെ രണ്ടാം മാലേഗാവ് സ്ഫോടനക്കേസില്‍ ഒന്നാം പ്രതിയായ സന്യാസിനിയും മുന്‍ എ.ബി.വി.പി നേതാവുമായ പ്രജ്ഞ സിങ് ഠാകുര്‍ അടക്കം അഞ്ചു പേരെ കുറ്റമുക്തരാക്കിയും സൈനിക ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ ശ്രീകാന്ത് പുരോഹിത് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരെ നിയമങ്ങള്‍ ലഘൂകരിച്ചും കേസ് അട്ടിമറിക്കാന്‍ എന്‍.ഐ.എ ശ്രമിച്ചതിനു പിന്നാലെയാണ് സിമി പ്രവര്‍ത്തകര്‍ക്കെതിരെ അപ്പീലിന് പോകാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

നൂറുല്‍ ഹുദ, ശബീര്‍ മശീഉല്ല, റഈസ് അഹ്മദ്, സല്‍മാന്‍ ഫാരിസി, ഫാറൂഖ് ഇഖ്ബാല്‍ മഗ്ദൂമി, മുഹമ്മദലി ശൈഖ്, ആസിഫ് ബഷീര്‍ ഖാന്‍, ശാഹിദ് അന്‍സാരി, അബ്റാര്‍ അഹ്മദ് എന്നിവരെയാണ് എന്‍.ഐ.എ പ്രത്യേക കോടതി കുറ്റമുക്തരാക്കിയത്. ആര്‍.ഡി.എക്സ് ഉപയോഗിച്ചാണ് സ്ഫോടനമെന്നതിനാല്‍ സിമി പ്രവര്‍ത്തകരാണ് സ്ഫോടനത്തിനു പിന്നിലെന്നായിരുന്നു അന്ന് കെ.പി. രഘുവംശിയുടെ നേതൃത്വത്തിലുള്ള എ.ടി.എസ് വാദിച്ചത്. പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.ഐ, എ.ടി.എസ് വാദം അംഗീകരിച്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയാണ് ചെയ്തത്.

എന്നാല്‍, 2011ല്‍ എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയും മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി അസീമാനന്ദയുടെ വെളിപ്പെടുത്തല്‍ അടിസ്ഥാനമാക്കി അന്വേഷണം നടത്തുകയുമായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ സുനില്‍ ജോഷി, രാംചന്ദ്ര കല്‍സങ്കര എന്നിവരുടെ കീഴില്‍ പ്രവര്‍ത്തിച്ചവരാണ് സ്ഫോടനങ്ങള്‍ക്കു പിന്നിലെന്ന് കണ്ടത്തെി. കേന്ദ്ര, സംസ്ഥാനങ്ങളിലെ ഭരണമാറ്റത്തോടെ എന്‍.ഐ.എ നിലപാട് മാറ്റുന്നതാണ് ഇപ്പോഴത്തെ കാഴ്ച.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.