ന്യൂഡല്‍ഹി: ഹരിയാന സര്‍ക്കാറിന്‍െറ ഗോസേവാ കമീഷന്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമായ മേവാത്തില്‍ വഴിയോര കച്ചവടക്കാരില്‍നിന്ന് ബിരിയാണി പിടിച്ചെടുത്ത് പരിശോധനക്കയക്കാന്‍ നിര്‍ദേശിച്ചതിനെതിരെ കോണ്‍ഗ്രസ് നേതാവും ആക്ടിവിസ്റ്റുമായ ശഹ്സാദ് പൂനാവാല ദേശീയ ന്യൂനപക്ഷ കമീഷന് പരാതി നല്‍കി.
അടിസ്ഥാനരഹിതമായ ഗോമാംസ ഊഹാപോഹത്തിന്‍െറ പേരില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടത് ബലിപെരുന്നാള്‍ വേളയിലായിരുന്നുവെന്ന് പൂനാവാല ഓര്‍മിപ്പിച്ചു. ജാട്ട് സംവരണ കലാപവും ബല്ലഭ്ഗഢ് വര്‍ഗീയ കലാപവും നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഹരിയാന പൊലീസ് ബിരിയാണി വേട്ട നടത്തുന്നത് അപകടകരമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.
അതിനാല്‍ പെരുന്നാളിനോടനുബന്ധിച്ച് ന്യൂനപക്ഷങ്ങളെ ഭീതിയിലാഴ്ത്തുന്ന ബിരിയാണി പൊലീസ് റെയ്ഡ് നിര്‍ത്തിവെക്കണമെന്നും ഭരണഘടനാവിരുദ്ധമായ ഇത്തരം കൃത്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കമീഷന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ ബോധിപ്പിച്ചു. ഒരു പാത്രം ഭക്ഷണമുണ്ടാക്കി വിറ്റ് അന്നന്നത്തെ ഉപജീവനം കഴിക്കുന്ന മേവാത്തിലെ പിന്നാക്ക മുസ്ലിംകള്‍ക്കെതിരെയുള്ള ആസൂത്രിത നീക്കമാണ് ബീഫ് ബിരിയാണി സര്‍ക്കുലറെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറല്‍ മുഹമ്മദ് സലീം കുറ്റപ്പെടുത്തി.
ഇത്തരം പ്രതികാരനടപടികള്‍ ഉപേക്ഷിച്ച് മേവാത്തിനെ സാമ്പത്തികമായും വിദ്യാഭ്യാസപരമായും വികസിപ്പിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.