ന്യൂഡൽഹി: നിർണായകമായ 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ബിഹാർ തലസ്ഥാനമായ പട്നയിൽ ജൂൺ 12ന് യോഗം ചേരും. കോൺഗ്രസിനെയും മറ്റു പ്രതിപക്ഷ പാർട്ടികളെയും ഒരു മേശക്കു ചുറ്റുമിരുത്താൻ യത്നിക്കുന്ന ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യു നേതാവുമായ നിതീഷ് കുമാറിന്റെ നിർദേശപ്രകാരമാണ് പട്നയിൽ യോഗം ചേരാൻ തീരുമാനിച്ചത്. ചുരുങ്ങിയത് 18 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
കോൺഗ്രസ്, ഇടതു പാർട്ടികൾ, തൃണമൂൽ, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി തുടങ്ങി 21 പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് മോദിയുടെ പാർലമെന്റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചതിന് പിന്നാലെയാണ് പട്നയിൽ പ്രതിപക്ഷ കക്ഷികൾ യോഗം ചേരുന്നത്. പരമാവധി മണ്ഡലങ്ങളിൽ ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ സ്ഥാനാർഥിയെ മത്സരിപ്പിക്കാവുന്ന തരത്തിൽ വിവിധ കക്ഷികളെ ഒരു മേശക്ക് ചുറ്റും കൊണ്ടുവരാനാണ് നിതീഷ് ശ്രമിക്കുന്നത്.
ഏപ്രിൽ 12ന് നിതീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ട് നിതീഷ് നടത്തുന്ന നീക്കത്തെ ‘ചരിത്രപരമായ ചുവടുവെപ്പ്’ എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.അതിനു ശേഷം നിതീഷ് കുമാർ, ബിഹാർ ഉപ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദൾ നേതാവുമായ തേജസ്വി യാദവുമൊത്ത് വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻ.സി.പി നേതാവ് ശരദ് പവാർ, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരടക്കം നിരവധി പ്രതിപക്ഷ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.
കോൺഗ്രസുമായി വിയോജിപ്പുള്ള നേതാക്കളെ കണ്ട നിതീഷ് കർണാടകയിലെ കോൺഗ്രസ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും പങ്കെടുത്തു. അതിന് ശേഷമാണ് സമാന മനസ്സുള്ള പ്രതിപക്ഷ കക്ഷികളെ പട്നയിലേക്ക് ക്ഷണിക്കുന്നത്. ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്നായിക്കുമായും നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ, ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തിനൊപ്പം തന്റെ പാർട്ടിയുണ്ടാവില്ലെന്നും ലോക്സഭ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്നുമാണ് അദ്ദേഹം നിലപാടെടുത്തത്. പ്രതിപക്ഷം ബഹിഷ്കരിച്ച പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പട്നായിക്കിന്റെ പാർട്ടി പങ്കെടുക്കുകയും ചെയ്തു.അതേസമയം, പാർലമെന്റ് ഉദ്ഘാടന ദിവസം 2024ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി കേന്ദ്ര ആസ്ഥാനത്ത് ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.