മുത്തലാഖ് വിധി: പോരാട്ടത്തിന് പിന്നിൽ അഞ്ചു സ്ത്രീകൾ

ന്യൂഡൽഹി: മുത്തലാഖ് കേസിൽ  സുപ്രീംകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചതിന് പിന്നിൽ നിയമപോരാട്ടം നടത്തിയത് അഞ്ച് സ്ത്രീകൾ. ഷെയറാ ബാനു, ഇശ്രത് ജഹാൻ, ഗുൽഷൻ പർവീൻ, അഫ്രീൻ റഹ്മാൻ, ആതിയ സബ്രി, മുസ്ലിം സ്ത്രീ സംഘടനയായ ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ എന്നിവരാണ് ഇസ്ലാമിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി മുന്നോട്ട് വന്നത്.  

ഷെയറാബാനു

2015 ഒക്ടോബറിലാണ് 36കാരിയായ ഷെയറാബാനുവിനെ ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. തുടർന്ന് ഭർത്താവ് റിസ്വാൻ അഹമ്മദിനെതിരെ ഷെയറാബാനു സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ബിസിനസുകാരനായ റിസ്വാനിൽ ഷെയറാബാനുവിന് രണ്ട് കുട്ടികളുമുണ്ട്. 

മുത്തലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവ ഭരണഘടനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാനു സുപ്രീംകോടതിയെ സമീപിച്ചത്. അതേസമയം, റിസ്വാൻ ഹരജിയെ എതിർത്ത് രംഗത്തെത്തി. വ്യക്തിനിയമത്തിൽ അനുശാസിക്കുന്ന തരത്തിലാണ് മൊഴി ചൊല്ലിയതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. 

പിന്നീട് കേന്ദ്രസർക്കാറും മുത്തലാഖ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേസിൽ കക്ഷി ചേർന്നു. 

ഇശ്രത് ജഹാൻ
 
ബംഗാളിലെ ഹൗറയിൽ നിന്നുള്ള ഇശ്രത് ജഹാനെ 2015 ഏപ്രിലിലാണ് ഭർത്താവ് മുർതസ ഫോണിലൂടെ മൊഴി ചൊല്ലിയത്. ആ സമയം മുർതസ ദുബൈയിലായിരുന്നു. പിന്നീട് ഇയാൾ വേറെ വിവാഹം കഴിക്കുകയും നാല് കുട്ടികളെ ഇയാൾക്കൊപ്പം കൊണ്ടുപോവുകയുമായിരുന്നു. നീതി ലഭിക്കണമെന്നും മക്കളെ തിരിച്ചു കിട്ടുംവരെ പോരാടുമെന്നും ജഹാൻ പ്രതികരിച്ചിരുന്നു. 

ഗുൽശൻ പർവീൺ

ഉത്തർ പ്രദേശിലെ റാംപൂരിൽ നിന്നുള്ള ഗുൽഷൻ പർവീണിനെ ഭർത്താവ് പത്ത് രൂപയുടെ സ്റ്റാമ്പ് പേപ്പറിലൂടെയാണ് മൊഴി ചൊല്ലുന്നതായി അറിയിച്ചത്. എന്നാൽ പർവീൺ സ്റ്റാമ്പ് പേപ്പർ കൈപറ്റിയില്ല. തുടർന്ന് ഭർത്താവ് കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. ഭർത്താവ് തന്നെ സ്ത്രീധനത്തിനായി പീഡിപ്പിക്കാറുണ്ടെന്ന് പർവീൺ ആരോപിച്ചു. 

ആഫ്രിൻ റഹ്മാൻ

വൈവാഹിക പരസ്യം വഴിയാണ് അഫ്രീൻ റഹ്മാൻ വിവാഹിതയായത്. മൂന്ന് മാസങ്ങൾക്ക് ശേഷം ഭർത്താവ് സ്ത്രീധനത്തിന്‍റെ പേരിൽ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി. പിന്നീട് മർദിച്ചുവെന്നും വീട്ടിൽ നിന്ന് ഇറങ്ങിപ്പോവാൻ പറഞ്ഞു. അഫ്രീൻ വീട്ടിൽ എത്തിയതിന് പിന്നാലെ ഡൈവോഴ്സ് നോട്ടീസും ലഭിച്ചു. തുടർന്ന് അഫ്രീൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 


ആതിയ സബ്രി

2012ൽ വിവാഹിതയായ ആതിയ സബ്രി ഒരു കഷ്ണം പേപ്പർ വഴിയാണ് വിവാഹ മോചിതയായത്. തുടർന്ന് നീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. 


ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ

മുസ് ലിം സ്ത്രീകളുടെ തുല്യഅവകാശത്തിനായി ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇസ്ലാമിൽ സ്ത്രീക്കും പുരുഷനും തുല്യരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. 

സ്രത്രീക്കും പുരുഷനും ഒരേ അവകാശമാണെന്ന ഖുർആൻ വാക്യങ്ങൾ കോടതിയിൽ ഹാജരാക്കിയെന്നും മൊഴി ചൊല്ലുന്നതിന് 90 ദിവസം കാലതാമസം വേണമെന്നാണ് നിയമത്തിലുള്ളതെന്നും ഭാരതീയ മുസ്ലിം മഹിള ആന്ദോളൻ നേതാവ് സകിയ സോമൻ പറഞ്ഞു. 

Tags:    
News Summary - The 5 Women Who Led The Fight Against Triple Talaq-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.