ന്യൂഡൽഹി: ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വിജയിച്ച് ദിവസങ്ങൾ പിന്നിടുന്നതിന് മുമ്പേ കോൺഗ്രസ് നേതാവ് ഹർപ്രമീത് കൗർ ബബ്ല കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഹർപ്രീതിനൊപ്പം ഭർത്താവും മുതിർന്ന കോൺഗ്രസ് നേതാവുമായ ദേവീന്ദർ സിങ് ബബ്ലയും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്.
ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ, ചണ്ഡിഗഢ് എം.പി കിരൺ ഖേർ, ചണ്ഡിഗഢ് ബി.ജെ.പി അധ്യക്ഷൻ അരുൺ സൂദ്, മുൻ അധ്യക്ഷൻ സഞ്ജയ് ഠണ്ഡൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.
മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 10ാം വാർഡിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിലായിരുന്നു ഹർപ്രീത് വിജയിച്ചത്. കുറച്ച് കോൺഗ്രസ് കൗൺസിലർമാരെയും കൊണ്ട് പാർട്ടി വിട്ടാൽ ഭാര്യക്ക് മേയർ പദവി നൽകാമെന്ന് ദേവീന്ദറിന് ബി.ജെ.പി വാഗ്ദാനം നൽകിയതായാണ് വിവരം.
അടുത്തിടെ നടന്ന ചണ്ഡിഗഢ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി 14 സീറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ബി.ജെ.പി 12 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് എട്ട് സീറ്റുകൾ ലഭിച്ചു. ഒരു സീറ്റിൽ ശിരോമണി അകാലിദൾ വിജയിച്ചു. 35 അംഗങ്ങളുള്ള കോർപറേഷനിൽ സ്വന്തം സ്ഥാനാർഥിയെ മേയറാക്കി വിജയിപ്പിക്കാൻ 19 അംഗങ്ങളുടെ പിന്തുണ വേണം. 35 കൗൺസിലർമാരെ കൂടാതെ എം.പിക്കും വോട്ടവകാശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.