വിമാനക്കൊള്ളയിൽ കൈമലർത്തി കേന്ദ്രം

ന്യൂഡൽഹി: മറുനാടൻ യാത്രക്കാരെ വിമാനക്കമ്പനികൾ കൊള്ളയടിക്കുന്ന വിഷയത്തിൽ കൈമലർത്തി കേന്ദ്രസർക്കാർ. തിരക്കു കൂടുന്നതിനൊത്ത്​ പ്രവാസികളെയും ആഭ്യന്തര യാത്രക്കാരെയും മൂന്നുമടങ്ങുവരെ ടിക്കറ്റ് നിരക്ക്​ ഈടാക്കി ചൂഷണം ചെയ്യുന്ന കാര്യം മുസ്​ലിംലീഗ്​ പാർലമെന്‍ററി പാർട്ടി നേതാവ്​ ഇ.ടി. മുഹമ്മദ്​ ബഷീറിന്‍റെ നേതൃത്വത്തിൽ കേരള എം.പിമാർ ലോക്സഭയിൽ ഉന്നയിച്ചെങ്കിലും, നിരക്കുനിർണയത്തിൽ സർക്കാറിന്​ പങ്കില്ലെന്ന വിശദീകരണത്തോടെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൈയൊഴിഞ്ഞു.

സർക്കാറി​ന്​ ഒരു നിയന്ത്രണവുമില്ലാതെ യാത്രക്കാരെ വിമാനക്കമ്പനികളുടെ ചൂഷണത്തിന്​ വിട്ടുകൊടുക്കരുതെന്ന്​ ഇ.ടി. മുഹമ്മദ്​ ബഷീർ ആവശ്യപ്പെട്ടു. വിമാന ടിക്കറ്റ് നിരക്ക് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട സർക്കാർ ഒന്നും ചെയ്യുന്നില്ല. ന്യായമായ ലാഭം എടുക്കുന്നതിന്​ ആരും എതിരല്ല. ​ബസ്​ യാത്രക്കു മുതൽ വൈദ്യുതിക്കുവരെ നിരക്ക്​ നിശ്ചയിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉള്ളപ്പോൾ വിമാനക്കമ്പനികളെ നിയന്ത്രിക്കാത്തത്​ എന്തുകൊണ്ടാണെന്ന്​ ആർ.എസ്​.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ചോദിച്ചു. ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ഇന്ത്യയിലും പുറത്തുമുള്ള പ്രവാസികളെ ഊറ്റാനുള്ള അവസരമാക്കി മാറ്റുന്നുവെന്ന്​ കോൺഗ്രസ്​ ചീഫ്​ വിപ്​ കൊടിക്കുന്നിൽ സുരേഷ്​ ചൂണ്ടിക്കാട്ടി.

1993 മുതൽ വ്യോമയാനരംഗത്തെ നിയന്ത്രണം എടുത്തുകളഞ്ഞതാണെന്ന്​ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചു. 60 റൂട്ടുകൾ തെരഞ്ഞെടുത്ത്​ നിരക്കുനിർണയം നിരീക്ഷിക്കുന്നുണ്ട്​. അന്യായമെന്നു കണ്ടാൽ വിമാനക്കമ്പനികളെ അറിയിച്ച്​ മാറ്റത്തിന്​ പ്രേരിപ്പിക്കും. വിമാന സർവിസിൽനിന്നുള്ള വരുമാനം സീസൺ അടിസ്ഥാനപ്പെടുത്തിയാണെന്ന്​ മനസ്സിലാക്കണം. അത്​ ഇന്ത്യയിൽ മാത്രമല്ല. എം.പിമാരുടെ വികാരം മനസസിലാക്കുന്നു. എന്നാൽ, കോവിഡിന്​ ശേഷം മൂന്നു വർഷമായി തകർന്നു നിൽക്കുകയാണ്​ ഈ മേഖല. ചെലവിന്‍റെ 40 ശതമാനവും ഇന്ധനത്തിനാണ്​. ശരാശരിയുടെ രണ്ടര ഇരട്ടിയാണ്​ വിമാനക്കമ്പനികൾ ഇന്ധനത്തിന്​ ചെലവിട്ടത്​. ഗോ ഫസ്റ്റ്​ കമ്പനി പൂട്ടുന്ന സ്ഥിതി വന്നു. ഇതിനെല്ലാമിടയിലും കോവിഡ്​ സൃഷ്ടിച്ച പ്രത്യാഘാതത്തിന്‍റെ അതേ അനുപാതത്തിൽ നിരക്ക്​ കൂടിയിട്ടില്ല.

കേരളത്തിലെ നാല്​ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത്​ കമ്പനികൾ കൂടുതൽ വിമാന സർവിസുകൾ തുടങ്ങുമെന്നാണ്​ പ്രതീക്ഷ. ഇതിന്​ വിമാനക്കമ്പനികളോട്​ അഭ്യർഥിച്ചിട്ടുണ്ട്​. മുൻകൂട്ടി ബുക്കു ചെയ്താൽ നിരക്ക്​ കുറവാണെന്ന വിശദീകരണവും മന്ത്രി നൽകി.

Tags:    
News Summary - Airlines in crisis; There will be no increase in the rate - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.