വിമാനക്കൊള്ളയിൽ കൈമലർത്തി കേന്ദ്രം
text_fieldsന്യൂഡൽഹി: മറുനാടൻ യാത്രക്കാരെ വിമാനക്കമ്പനികൾ കൊള്ളയടിക്കുന്ന വിഷയത്തിൽ കൈമലർത്തി കേന്ദ്രസർക്കാർ. തിരക്കു കൂടുന്നതിനൊത്ത് പ്രവാസികളെയും ആഭ്യന്തര യാത്രക്കാരെയും മൂന്നുമടങ്ങുവരെ ടിക്കറ്റ് നിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന കാര്യം മുസ്ലിംലീഗ് പാർലമെന്‍ററി പാർട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്‍റെ നേതൃത്വത്തിൽ കേരള എം.പിമാർ ലോക്സഭയിൽ ഉന്നയിച്ചെങ്കിലും, നിരക്കുനിർണയത്തിൽ സർക്കാറിന് പങ്കില്ലെന്ന വിശദീകരണത്തോടെ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കൈയൊഴിഞ്ഞു.
സർക്കാറിന് ഒരു നിയന്ത്രണവുമില്ലാതെ യാത്രക്കാരെ വിമാനക്കമ്പനികളുടെ ചൂഷണത്തിന് വിട്ടുകൊടുക്കരുതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ ആവശ്യപ്പെട്ടു. വിമാന ടിക്കറ്റ് നിരക്ക് നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യേണ്ട സർക്കാർ ഒന്നും ചെയ്യുന്നില്ല. ന്യായമായ ലാഭം എടുക്കുന്നതിന് ആരും എതിരല്ല. ബസ് യാത്രക്കു മുതൽ വൈദ്യുതിക്കുവരെ നിരക്ക് നിശ്ചയിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഉള്ളപ്പോൾ വിമാനക്കമ്പനികളെ നിയന്ത്രിക്കാത്തത് എന്തുകൊണ്ടാണെന്ന് ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രൻ ചോദിച്ചു. ഓണവും പെരുന്നാളും ക്രിസ്മസുമെല്ലാം ഇന്ത്യയിലും പുറത്തുമുള്ള പ്രവാസികളെ ഊറ്റാനുള്ള അവസരമാക്കി മാറ്റുന്നുവെന്ന് കോൺഗ്രസ് ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടി.
1993 മുതൽ വ്യോമയാനരംഗത്തെ നിയന്ത്രണം എടുത്തുകളഞ്ഞതാണെന്ന് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചു. 60 റൂട്ടുകൾ തെരഞ്ഞെടുത്ത് നിരക്കുനിർണയം നിരീക്ഷിക്കുന്നുണ്ട്. അന്യായമെന്നു കണ്ടാൽ വിമാനക്കമ്പനികളെ അറിയിച്ച് മാറ്റത്തിന് പ്രേരിപ്പിക്കും. വിമാന സർവിസിൽനിന്നുള്ള വരുമാനം സീസൺ അടിസ്ഥാനപ്പെടുത്തിയാണെന്ന് മനസ്സിലാക്കണം. അത് ഇന്ത്യയിൽ മാത്രമല്ല. എം.പിമാരുടെ വികാരം മനസസിലാക്കുന്നു. എന്നാൽ, കോവിഡിന് ശേഷം മൂന്നു വർഷമായി തകർന്നു നിൽക്കുകയാണ് ഈ മേഖല. ചെലവിന്‍റെ 40 ശതമാനവും ഇന്ധനത്തിനാണ്. ശരാശരിയുടെ രണ്ടര ഇരട്ടിയാണ് വിമാനക്കമ്പനികൾ ഇന്ധനത്തിന് ചെലവിട്ടത്. ഗോ ഫസ്റ്റ് കമ്പനി പൂട്ടുന്ന സ്ഥിതി വന്നു. ഇതിനെല്ലാമിടയിലും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതത്തിന്‍റെ അതേ അനുപാതത്തിൽ നിരക്ക് കൂടിയിട്ടില്ല.
കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് കമ്പനികൾ കൂടുതൽ വിമാന സർവിസുകൾ തുടങ്ങുമെന്നാണ് പ്രതീക്ഷ. ഇതിന് വിമാനക്കമ്പനികളോട് അഭ്യർഥിച്ചിട്ടുണ്ട്. മുൻകൂട്ടി ബുക്കു ചെയ്താൽ നിരക്ക് കുറവാണെന്ന വിശദീകരണവും മന്ത്രി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.