അലീഗഢ് (യു.പി): ആൾക്കൂട്ടം തല്ലിക്കൊന്നയാൾക്കെതിരെ മോഷണക്കുറ്റം ചുമത്തി യു.പി പൊലീസ്. ആൾക്കൂട്ട ആക്രമണത്തിലെ പ്രതിയുടെ അമ്മയുടെ പരാതിയിലാണ് മരിച്ചയാളടക്കം ഒമ്പതു പേർക്കെതിരെ കവർച്ചയും സ്ത്രീക്കെതിരായ ആക്രമണവുമടക്കമുള്ള കുറ്റം ചുമത്തിയത്.
ജൂൺ 18ന് രാത്രിയാണ് മാമു ഭഞ്ച പ്രദേശത്ത് മുഹമ്മദ് ഫരീദിനെ (35) ആൾക്കൂട്ടം കൊലപ്പെടുത്തിയത്. സംഭവത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തിരുന്നു. ആറുപേർ അറസ്റ്റിലായി. പ്രതികളിൽ ഒരാളായ രാഹുലിന്റെ അമ്മ ലക്ഷ്മി മിത്തൽ ശനിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോഷണക്കുറ്റം ചുമത്തിയത്.
ജൂൺ 18ന് രാത്രി മുഹമ്മദ് ഫരീദ് എന്ന ഔറംഗസേബ് തന്റെ വീട്ടിൽ അതിക്രമിച്ചുകയറി വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിക്കാൻ ശ്രമിച്ചെന്ന് ലക്ഷ്മി മിത്തൽ പരാതിയിൽ പറയുന്നു. കുടുംബാംഗങ്ങൾ ഫരീദിനെ പിന്തുടരുമ്പോൾ നിലതെറ്റി ഗോവണിപ്പടിയിൽനിന്നുവീണ് പരിക്കേറ്റ് മരിക്കുകയുമായിരുന്നുവെന്നാണ് പരാതിയിലുള്ളത്.
അതേസമയം, ഫരീദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ മോഷ്ടാവാണെന്ന് സംശയിച്ച് നാട്ടുകാരിൽ ചിലർ മർദിക്കുകയായിരുന്നെന്ന് കുടുംബം ആരോപിച്ചു. ഗുരുതരമായി പരിക്കേറ്റ ഫരീദിനെ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് എം. ശേഖർ പഥക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.