ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ അധികാരത്തർക്കത്തിൽ പിതാവ് അമരീന്ദർ സിങ്ങിന് കാലിടറി മുഖ്യമന്ത്രി സ്ഥാനം നഷ്ടമായെങ്കിലും മകൻ റാണീന്ദർ സിങ്ങിന് നാഷനൽ റൈഫിൾ അസോസിയേഷൻ തെരഞ്ഞെുപ്പിൽ വിജയം.
കുടുംബം രാഷ്ട്രീയത്തിൽ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുന്ന വേളയിലാണ് റാണീന്ദർ എൻ.ആർ.എ.ഐ അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നാലാം തവണയാണ് അദ്ദേഹം അസോസിയേഷന്‍റെ തലപ്പത്ത് എത്തുന്നത്. ബി.എസ്.പി എം.പി ശ്യാം സിങ് യാദവിനെ അദ്ദേഹം 56-3ന് തോൽപിച്ചു.
ഭൂരിപക്ഷം എം.എൽ.എമാരുടെയും പിന്തുണ നഷ്ടമായതോടെ അമരീന്ദർ രാജിവെച്ചേക്കുമെന്ന ഘട്ടമായതോടെ മകൻ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റഡിയം വിട്ട് ചണ്ഡിഗഢിലെ ഔദ്യോഗിക ബംഗ്ലാവിലേക്ക് കുതിച്ചിരുന്നു. ശേഷം പിതാവ് രാജിവെക്കാനായി രാജ്ഭവനിലേക്ക് നീങ്ങിയതോടെ തെരഞ്ഞെടുപ്പ് ക്രമങ്ങൾ പൂർത്തീകരിക്കാൻ റാണീന്ദർ എത്തിയില്ല.
കൻവാർ സുൽത്താൻ സിങ് പുതിയ സെക്രട്ടറി ജനറലായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രൺദീപ് മൻ ട്രഷററും പവൻകുമാർ സിങ്, ഷീല കനുങ്ങോ എന്നിവർ ജനറൽ സെക്രട്ടറിമാരുമായി.
സീനിയർ വൈസ് പ്രസിഡന്‍റ് കാളികേഷ് നാരായൺ സിങിനൊപ്പം എട്ട് വൈസ് പ്രസിഡന്റ്മാർ, ആറ് ഹോണററി സെക്രട്ടറിമാർ, 16 ഗവേണിങ് ബോഡി അംഗങ്ങൾ എന്നിവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 2025 വരെയാണ് പുതിയ ഭരണസമിതിയുടെ കാലാവധി.
എൻ.ആർ.എ.ഐക്കെതിരെ ഡൽഹി ഹൈകോടതിയിൽ പരാതി നൽകിയയാളാണ് യാദവ്. അദ്ദേഹം തെരഞ്ഞെടുപ്പിന് എത്തിയിരുന്നില്ല. കായിക മന്ത്രാലയം തെരഞ്ഞെടുപ്പ് നടത്താൻ നിരീക്ഷകരെ അയക്കാത്തതിനാൽ തന്നെ ഫലം അംഗീകരിക്കാനും സാധ്യതയില്ല. ഡിസംബർ 13ന് കോടതി വീണ്ടും കേസ് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.