ഫരീദാബാദ്: ആഗസ്റ്റ് 23ന് അർധ രാത്രിയാണ് ആര്യൻ മിശ്ര എന്ന കൗമാരക്കാരനെ മുസ്‍ലിം ആണെന്ന് തെറ്റിദ്ധരിച്ച് പശുഗുണ്ടകൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ചാണ് ആര്യനെ കൊലപ്പെടുത്തിയതെന്ന് പ്രതിയും ബജ്റംഗ് ദൾ നേതാവുമായ അനിൽ കൗശിക് പൊലീസിനോട് പറഞ്ഞിരുന്നു.
മകന്റെ കൊലപാതകത്തിൽ പ്രതികരിച്ചിരിക്കുകയാണ് മാതാവ് ഉമ ജെണോ. മകൻ മുസ്‍ലിം ആണെന്ന് കരുതിയാണ് അവർ കൊന്നത്. മുസ്‍ലിംകൾ മനുഷ്യരല്ലേ എന്നാണ് അവരുടെ ചോദ്യം. മുസ്‍ലിംകളും നമ്മുടെ സഹോദരങ്ങളാണ്. എന്തിനാണ് മുസ്‍ലിംകളെ കൊല്ലുന്നത്. അവരാണ് ഞങ്ങളെ സംരക്ഷിക്കുന്നത്.-ഉമ പറഞ്ഞു.
കുറ്റവാളികളെ വെടിവെച്ചു കൊല്ലാൻ ആർക്കും അവകാശമില്ല. പൊലീസിനെ വിളിച്ചാൽ അവർ കൈകാര്യം ചെയ്തുകൊള്ളും. എന്റെ അയൽക്കാരെല്ലാം മുസ്‍ലിംകളാണ്. വളരെ സനേഹത്തോടെയാണ് ഞങ്ങൾ കഴയുന്നത്. അവർ ഞങ്ങളെ സഹായിക്കുന്നു. സഹോദരങ്ങളെ പോലെയാണ് ഞാനവരെ കാണുന്നത്. ഇതിൽ കൂടുതൽ എനക്കൊന്നും പറയാനില്ല. ഞങ്ങൾക്ക് നീതി ലഭിക്കണം.-ഉമ കൂട്ടിച്ചേർത്തു.
മുസ്‍ലിം ആണെന്ന് തെറ്റിദ്ധരിച്ചാണ് നിങ്ങളുടെ മകനെ കൊന്നതെന്ന് അനിൽ കൗശിക് ആര്യന്റെ പിതാവ് സിയാനന്ദ് മിശ്രയോട് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് അമ്മയുടെ പ്രതികരണം. ജയിലിൽ പോയി കണ്ടപ്പോഴാണ് ഒരു ബ്രാഹ്മണനെ കൊന്നതിൽ ഖേദിക്കുന്നു എന്ന് അനിൽ പറഞ്ഞതെന്ന് സിയാനന്ദ് മിശ്ര വെളിപ്പെടുത്തിയിരുന്നു.
അനിൽ കൗശികിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സംഘം 19 വയസുള്ള ആര്യനെ കിലോമീറ്ററുകൾ പിന്തുടർന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. പശുക്കളെ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനാലാണ് സംഘം ആര്യൻ മിശ്രയുടെ കാർ പിന്തുടർന്നത്. സംഘം കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഭയന്ന ആര്യനും കൂട്ടുകാരും നിർത്താതെ പോയി. തുടർന്ന് പിന്തുടർന്ന് ആര്യനെ വെടിവെച്ചു കൊല്ലുകയായിരന്നു.
നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായതിന് ശേഷം മുപ്പത്തിലധികം മുസ്‌ലിം ചെറുപ്പക്കാരും ഏഴ് ദലിത്, ബഹുജൻ യുവാക്കളും ഒരു ക്രിസ്ത്യൻ വനിതയുമാണ് ഹിന്ദുത്വ ആൾക്കൂട്ട കൊലപാതങ്ങൾക്ക് ഇരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.