ഭോപാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്ന് ആരോപിച്ച് അറസ്റ്റിലായ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ജാമ്യമില്ല. മധ്യപ്രദേശ് ഹൈകോടതിയാണ് ജാമ്യം നിഷേധിച്ചത്.
പൊലീസ് ചുമത്തിയ ആരോപണങ്ങൾക്ക് തെളിവ് നിരത്താനോ കേസ് ഡയറി ഹാജരാക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. പരിപാടിയിൽ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജനുവരി രണ്ടിനാണ് മുനവർ ഫാറൂഖി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലാകുന്നത്.
മുനവർ ഫാറൂഖി, നലിൻ യാദവ്, എഡ്വിൻ ആന്‍റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ് എന്നിവരാണ് ബി.ജെ.പി എം.എൽഎ മാലിനി ഗൗറിന്‍റെ മകൻ ഏകലവ്യ സിങ് ഗൗറിന്‍റെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. പരിപാടിക്കിടെ കേന്ദ്രമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചുവെന്നായിരുന്നു ഉയർന്ന ആരോപണം. പ്രാദേശിക കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
ഹാസ്യ പരിപാടിയുടെ സംഘാടകരുടെ നിർദേശമനുസരിച്ച് അവർ പരിപാടി അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഫാറൂഖിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഇതു തള്ളിയ കോടതി, ഇവർക്കെതിരെ കൂടുതൽ തെളിവുകളുണ്ടാകാൻ സാധ്യതയുണ്ടെന്നും അന്വേഷണം തുടരുന്നതിനാൽ ജാമ്യം അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കുകയായിരുന്നു. കൂടാതെ സമാന രീതിയിൽ ഉത്തർ പ്രദേശിൽ ഒരു ഹാസ്യകലാകാരനെതിരെ ഒരു കേസ് നിലനിൽക്കുന്നുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.