ഇന്ദോർ: ഹിന്ദു ദേവതകളെ അപമാനിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രമുഖ കൊമേഡിയൻ മുനവർ ഫാറൂഖിയടക്കം ആറുപേർക്കെതിരെ തെളിവൊന്നുമില്ലെന്ന് മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കിയതിനുപിന്നാലെ മറ്റൊരു കേസിൽ കുടുക്കാൻ യു.പി പൊലീസിന്‍റെ നീക്കം. ഇതിന്‍റെ ഭാഗമായി ഫാറൂഖി തടവിൽ കഴിയുന്ന ഇൻഡോർ സെൻട്രൽ ജയിലിലേക്ക് ഉത്തർപ്രദേശിലെ കോടതി വാറന്‍റ് പുറപ്പെടുവിച്ചു.
2020 മേയിൽ ഹിന്ദു ദേവതകളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ചുവെന്നാണ് ഉത്തർപ്രദേശിലെ കേസ്. യു.പി പൊലീസിന്‍റെ നീക്കം ഫാറൂഖിയുടെ അഭിഭാഷകൻ അൻഷുമാൻ തിവാരി സ്ഥിരീകരിച്ചതായി 'ദി വയർ' റിപ്പോർട്ട് ചെയ്തു. തന്‍റെ കക്ഷിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് നൽകിയ ഹരജിയിലാണ് കോടതി വാറന്‍റെന്നും എന്നാൽ, ഇതിന്‍റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ദോർ പൊലീസ് ചുമത്തിയ ആരോപണങ്ങൾക്ക് തെളിവ് നിരത്താനോ കേസ് ഡയറി ഹാജരാക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. എന്നിട്ടും ജാമ്യം പോലും അനുവദിക്കാതെയാണ് ഇവരെ തടവറയിൽ പാർപ്പിക്കുന്നത്. മധ്യപ്രദേശ് ഹൈകോടതി ഇന്ദോർ ബെഞ്ച് കേസ് പരിഗണിച്ചപ്പോഴാണ് പൊലീസ് സമ്പൂർണ നിസ്സഹായാവസ്ഥ ബോധിപ്പിച്ചത്. ഇവരുടെ ജാമ്യാപേക്ഷ തള്ളിയ കോടതി, കേസ് ഡയറി ഹാജരാക്കാൻ പൊലീസിന് 22 വരെ സമയം നീട്ടി നൽകുകയും ചെയ്തു.
ജനുവരി ഒന്നിന് ഇന്ദോറിൽ നടന്ന പരിപാടിക്കിടെയാണ് ഫാറൂഖിയെയും നളിൻ യാദവ്, പ്രഖർ വ്യാസ്, പ്രിയം വ്യാസ്, എഡ്വിൻ ആന്‍റണി, സദഖത് ഖാൻ എന്നിവരെയും അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ (മതവികാരങ്ങളെ വ്രണപ്പെടുത്തൽ), 269 (പകർച്ചവ്യാധി നിയന്ത്രണ നിയമം) എന്നിവ പ്രകാരമാണ് കേസ്. ബി.ജെ.പി എം.എൽ.എ മാലിനി ഗൗഡിന്‍റെ മകൻ എകലവ്യ ഗൗഡ് നൽകിയ പരാതിയിലായിരുന്നു നടപടി.
അതേസമയം പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. 'അറസ്റ്റിലായവരിൽ ഒരാൾ സദസ്സിൽ ഇരിക്കുകയായിരുന്നു. ഫാറൂഖിയുടെ സുഹൃത്തായ മറ്റൊരാൾക്ക് പരിപാടിയുമായി യാതൊരു ബന്ധവുമില്ല. മൂന്നാമത്തെയാളുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ പ്രായപൂർത്തിയാകാത്ത സഹോദരൻ മാത്രമാണുള്ളത്'' -ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഫാറൂഖിക്കെതിരെ നേരിട്ട് തെളിവുകളില്ലെന്ന് തുക്കോഗഞ്ച് പൊലീസ് ഇൻസ്പെക്ടർ കമലേഷ് ശർമ തന്നെ മാധ്യമങ്ങേളാട് വ്യക്തമാക്കിയിരുന്നു. ഗൗഡ് പരാതിയോടൊപ്പം സമർപ്പിച്ച രണ്ട് വീഡിയോകൾ മറ്റൊരു ഹാസ്യനടന്‍റെതാണെന്നും ദേവതകളെയോ കേന്ദ്രമന്ത്രി അമിത് ഷായെയോ അപമാനിച്ചതിന് മുനവറിനെതിരെ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇവരെ മോചിപ്പിച്ചാൽ ഉജ്ജൈനിലും ഇൻഡോറിലും ക്രമസമാധാന പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയിലാണ് യു.പി പൊലീസ് മറ്റൊരു കേസുമായി രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.