ബംഗളൂരു: യൂത്ത് കോൺഗ്രസ് അസം മുൻ പ്രസിഡന്റ് അങ്കിത ദത്ത നൽകിയ പരാതിയിൽ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന് നോട്ടീസ്. അസം പൊലീസ് ജോയന്റ് കമീഷണർ പ്രതീക് തുബെയുടെയും അഡീഷനൽ ഡെപ്യൂട്ടി കമീഷണർ മൈത്രേയി ദേഘയുടെയും നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തിയാണ് ബസവേശ്വര നഗറിലെ ശ്രീനിവാസിന്റെ ബന്ധുവസതിയിൽ നോട്ടീസ് പതിച്ചത്. കർണാടക ശിവമൊഗ്ഗ സ്വദേശിയാണ് ശ്രീനിവാസ്. അതേസമയം, ശ്രീനിവാസിനെതിരെ ബംഗളൂരു പൊലീസും കേസെടുത്തു. ഞായറാഴ്ച ബംഗളൂരുവിലെ ഹോട്ടലിൽ ശ്രീനിവാസ് പങ്കെടുത്ത യോഗത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതുമായി സഹകരിച്ചില്ലെന്നും വാക്കേറ്റം നടത്തിയെന്നും ആരോപിച്ച് വിധാൻസൗധ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ബംഗളൂരുവിലെത്തിയ അസം പൊലീസ് വീട്ടിൽ ആളില്ലാത്തതിനാൽ ചുമരിൽ നോട്ടീസ് പതിച്ച് നോട്ടീസ് അയച്ചതായി അറിയിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും മേയ് രണ്ടിന് ഗുവാഹതി ദിസ്പുർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നുമാണ് നിർദേശം. ഇല്ലെങ്കിൽ അറസ്റ്റ് നടപടിയുണ്ടാകുമെന്നും നോട്ടീസിലുണ്ട്. മോശമായി പെരുമാറി, ദേഹോപദ്രവം ഏൽപിച്ചു എന്നിങ്ങനെ പരാതികളാണ് അങ്കിത ദത്ത ശ്രീനിവാസിനെതിരെ നൽകിയത്. ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി അങ്കിതയെ കോൺഗ്രസ് ആറുവർഷത്തേക്ക് പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. ശ്രീനിവാസിനെതിരായ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ദേശീയ വനിത കമീഷൻ അസം പൊലീസിന് കത്തയച്ചിരുന്നു. ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് അസം കോൺഗ്രസ് കണ്ടെത്തി. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രചാരണത്തിൽ പങ്കെടുത്തുവരുകയാണ് ശ്രീനിവാസ്. ആരോപണങ്ങൾ തള്ളിയ അദ്ദേഹം, അപമാനകരവും അസഭ്യകരവുമായ വാക്കുകൾ തനിക്കെതിരെ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി അങ്കിതക്കെതിരെ മാനനഷ്ടക്കേസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.