മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥികൾക്കായി വോട്ട് തേടി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്നും ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ബി.ജെ.പി സ്ഥാനാർഥി നരേന്ദ്ര മേത്തയ്ക്കായി മീരാറോഡിൽ സംഘടിപ്പിച്ച പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കല്യാൺ ഈസ്റ്റ്, മീരാ റോഡ്, വസായ്, താനെ, കല്യാൺ തുടങ്ങിയ സ്ഥലങ്ങളിലാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. മലയാളി വോട്ടർമാർ ധാരാളമുള്ള പ്രദേശം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. ഇന്ന് വൈകിട്ടോടെ മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കും. 20ന് ആണ് വോട്ടെടുപ്പ്. 288 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ശിവസേന, ബി.ജെ.പി, എൻ.സി.പി കൂട്ടുകെട്ടിലെ മഹായുതിയും കോൺഗ്രസ്, ശിവസേന-യു.ബി.ടി, എൻ.സി.പി-എസ്.പി കൂട്ടുകെട്ടിലെ മഹാവികാസ് അഘാഡിയും (എം.വി.എ) തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. വിമതരും മുന്നണിയിൽ സൗഹാർദ മത്സരത്തിനിറങ്ങിയവരും ഫലനിർണയത്തിൽ നിർണായകമാകും.
ഏറെ നാടകങ്ങൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ അഞ്ചു വർഷം. മൂന്ന് മുഖ്യമന്ത്രിമാരും മൂന്ന് ഉപമുഖ്യമന്ത്രിമാരും. ആദ്യം ദേവേന്ദ്ര ഫഡ്നാവിസിന്റെ മൂന്നു ദിവസം നീണ്ട സർക്കാർ. ഒരിക്കലും പ്രതീക്ഷിക്കാത്ത എം.വി.എ സഖ്യത്തിന്റെ പിറവി. പിന്നെ ഉദ്ധവ് താക്കറെയെ മുഖ്യനാക്കി എം.വി.എ സർക്കാർ.
ശിവസേന പിളർത്തി ബി.ജെ.പിക്കൊപ്പം ചേർന്ന് ഏക്നാഥ് ഷിൻഡെ മുഖ്യനായി. മൂന്ന് സർക്കാറിലും അജിത് പവാർ ഉപമുഖ്യനായിരുന്നു. എൻ.സി.പിയെ പിളർത്തിയാണ് ഷിൻഡെ മന്ത്രിസഭയിൽ അജിത് ഉപമുഖ്യനായത്. ഫഡ്നാവിസും ഉപമുഖ്യനായി. അജിത് ജ്യേഷ്ഠന്റെ മകനെ നേരിടുന്ന ബരാമതിയാണ് ഏറെ ശ്രദ്ധേയമായ മണ്ഡലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.