ഗുവാഹത്തി: വാക്സിൻ സ്വീകരിച്ചവർ രണ്ട് വർഷത്തിനകം മരിക്കുമെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് അസം പൊലീസ്. ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സന്ദേശം വ്യാജമാണെന്ന് അസം പൊലീസ് അറിയിച്ചത്.
വാക്സിനെ കുറിച്ച് ഫ്രഞ്ച് നൊബേൽ സമ്മാന ജേതാവിന്‍റെ പേരിലാണ് വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വാക്സിൻ സ്വീകരിച്ചവർ രണ്ട് വർഷത്തിനകം മരിക്കുമെന്നായിരുന്നു ഉള്ളടക്കം.ലൈഫ് സൈറ്റ് ന്യൂസ് എന്ന സൈറ്റിലാണ് നൊബേൽ സമ്മാനജേതാവിനെ ഉദ്ധരിച്ച് ഇത്തരമൊരു വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് മറ്റ് ചില ഓൺലൈൻ മാധ്യമങ്ങളും ഇത് ഏറ്റെടുത്തു.
യു.എസ്.എയിലെ റെയ്ർ ഫൗണ്ടേഷന് നൽകിയ അഭിമുഖത്തിൽ നൊബേൽ സമ്മാന ജേതാവായ ലുക് മോണ്ടനീർ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയെന്നായിരുന്നു വാർത്ത . വാക്സിനേഷൻ ചരിത്രപരമായ മണ്ടത്തരമാണെന്നും ഒരിക്കലും അതിനെക്കുറിച്ച് ചിന്തിക്കരുതെന്നും ശാസ്ത്രജ്ഞൻ പറഞ്ഞുവെന്നായിരുന്നു സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നത്. വാക്സിനേഷനാണ് വിവിധ കോവിഡ് വകഭേദങ്ങളെ സൃഷ്ടിക്കുന്നത്. ഇത് കോവിഡ് മരണങ്ങൾക്ക് കാരണമാവുന്നുവെന്നും ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടുവെന്നാണ് ലൈഫ് സൈറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്.
വ്യാജമായ ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്. തെറ്റായ വിവരങ്ങൾ വൈറസിനേക്കാളും അപകടകരമാവുമെന്ന് അസം പൊലീസ് ട്വീറ്റിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.