ന്യൂഡൽഹി: ബംഗളൂരുവിൽ ആത്മഹത്യ ചെയ്ത ടെക്കി അതുൽ സുഭാഷിന്‍റെ കുട്ടിയെ വിട്ടുനൽകണമെന്ന ആവശ്യവുമായി, അതുലിന്‍റെ മാതാവ് സുപ്രീംകോടതിയെ സമീപിച്ചു. നാലര വയസുകാരനായ കുട്ടി എവിടെയാണെന്നു പോലും അറിയില്ലെന്നും അതുലിന്‍റെ മുൻഭാര്യ നികിത സിംഘാനിയ മനഃപൂർവം കുട്ടിയെ തങ്ങളിൽനിന്ന് അകറ്റിനിർത്തുകയാണെന്നും മാതാവ് ഫയൽ ചെയ്ത ഹേബിയസ് കോർപസ് റിട്ടിൽ പറയുന്നു. കേസിൽ വിശദീകരണം ചോദിച്ച് ഉത്തർപ്രദേശ്, ഹരിയാന, കർണാടക സർക്കാറുകൾക്ക് കോടതി നോട്ടിസ് അയച്ചു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതുൽ സുഭാഷ്, ഭാര്യ നികിതയും കുടുംബാംഗങ്ങളുടെയും നിരന്തര പീഡനം ആരോപിച്ച് ഈ മാസം ആദ്യമാണ് ആത്മഹത്യ ചെയ്തത്. ദാമ്പത്യ പ്രശ്‌നങ്ങളിൽ നിന്നുള്ള മാനസിക പ്രയാസങ്ങളും ഭാര്യ തനിക്കെതിരെ ചുമത്തിയ ഒന്നിലധികം കേസുകളും വിശദീകരിക്കുന്ന 24 പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിലെ ഒരു കുടുംബ കോടതി ജഡ്ജി തന്‍റെ ഭാര്യക്കും കുടുംബത്തിനും ഒപ്പംനിന്ന് അഴിമതി കാണിച്ചെന്നും ആത്മഹത്യാക്കുറിപ്പിൽ അതുൽ പറയുന്നുണ്ട്.
സോഫ്‌റ്റ്‌വെയർ പ്രഫഷണലായ നികിത സിംഘാനിയയെ 2019ലാണ് അതുൽ സുഭാഷ് വിവാഹം കഴിച്ചത്. കൊലപാതകശ്രമം, സ്ത്രീധന പീഡനം, പ്രകൃതിവിരുദ്ധ ലൈംഗികത തുടങ്ങി ഒമ്പത് കേസുകളാണ് സുഭാഷിനെതിരെ നികിത ഫയൽ ചെയ്തത്. കേസിൽനിന്ന് ഒഴിവാക്കാൻ കോടികൾ ആവശ്യപ്പെട്ടെന്ന് ആത്മഹത്യക്ക് മുമ്പ് റെക്കോഡ് ചെയ്ത വിഡിയോയിൽ അതുൽ ആരോപിച്ചു.
സംഭവത്തിൽ വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെ, നികിതയെ ഹരിയാനയിലെ ഗുരുഗ്രാമിൽവച്ച് അറസ്റ്റ് ചെയ്തു, നികിതയുടെ അമ്മയേയും സഹോദരനെയും അലഹബാദിൽ വച്ചും കസ്റ്റഡിയിലെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ച് അതുലിന്‍റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു പൊലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ബംഗളൂരു കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഉത്തർപ്രദേശ്, ഹരിയാന, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ ഇടപെടൽ ഉള്ളതിനാൽ വിഷയം പരിഹരിക്കാനും നീതി ഉറപ്പാക്കാനും സുപ്രീംകോടതിയുടെ ഇടപെടൽ അനിവാര്യമാണെന്ന് അതുലിന്‍റെ അമ്മ തണെ ഹരജിയിൽ പറയുന്നു. കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.