ബംഗളൂരു: പത്തുവരിപ്പാതയാക്കിയ മൈസൂരു-ബംഗളൂരു അതിവേഗപാത (എൻ.എച്ച് 275) ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 118 കിലോമീറ്ററുള്ള പാതയിലൂടെ മൈസൂരുവിൽനിന്ന് ബംഗളൂരുവിലെത്താൻ ഒന്നരമണിക്കൂർ മതിയാകും. ബംഗളൂരുവിനെ വാണിജ്യ-വ്യവസായ-വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന മലയാളികളടക്കമുള്ള ആയിരക്കണക്കിനാളുകൾക്ക് വൻ യാത്രാസൗകര്യമാണ് പാത ഒരുക്കുന്നത്.
നിലവിൽ നാലു മണിക്കൂറോളമാണ് യാത്രാസമയം. 8480 കോടി രൂപയാണ് നിർമാണച്ചെലവ്. പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സർവിസ് റോഡുകളുമാണ് പാതയിലുള്ളത്. പണി പൂർത്തിയായ ഭാഗങ്ങൾ നേരത്തേതന്നെ ഗതാഗതത്തിന് തുറന്നുകൊടുത്തിരുന്നു. ഒമ്പതു വലിയ പാലങ്ങൾ, 42 ചെറിയ പാലങ്ങൾ, 64 അടിപ്പാതകൾ, 11 മേൽപാതകൾ, അഞ്ച് ബൈപാസുകൾ എന്നിവയുമുണ്ട്. ഞായറാഴ്ച രാവിലെ 11ന് മാണ്ഡ്യ മദ്ദൂർ ഗജ്ജലക്കെരെയിലാണ് ഉദ്ഘാടനച്ചടങ്ങ്. പാതയിലൂടെയുള്ള ടോൾ പിരിവ് മാർച്ച് 14ന് തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചത്. കാർ, ജീപ്പ്, വാൻ എന്നിവക്ക് ഒരു വശത്തേക്കുള്ള യാത്രക്ക് 135 രൂപയും ഒരു ദിവസത്തിനകം ഇരുവശത്തേക്കുമുള്ള യാത്രക്ക് 205 രൂപയുമാണ് നിരക്ക്. ബംഗളൂരുവിൽനിന്ന് മൈസൂരു ഭാഗത്തേക്ക് പോകുന്നവർക്ക് ബിഡദി കനിമിണിക്കെയിലും ശ്രീരംഗപട്ടണയിലെ ഷെട്ടിഹള്ളിയിലുമാണ് ടോൾ ബൂത്തുകൾ ഉള്ളത്. ഓരോ ടോൾ പ്ലാസയിലും ഫാസ്ടാഗ് സൗകര്യത്തോടെയുള്ള 11 ഗേറ്റുകൾ വീതമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.