പള്ളികളിലെ ബാങ്കുവിളി മറ്റുള്ള വിശ്വാസത്തെ ഹനിക്കുന്നില്ല, ഹരജി തീർപ്പാക്കി കർണാടക ഹൈക്കോടതി

ബംഗളൂരു: മുസ്​ലിം പള്ളികളിലെ ബാങ്കുവിളി മറ്റുള്ളവരുടെ മതവിശ്വാസത്തെയോ അവകാശത്തെയോ ഹനിക്കുന്നില്ലെന്ന്​ കർണാടക ​ൈഹക്കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 25 മതപരമായ സഹിഷ്ണുത അടങ്ങിയതാണെന്ന്​ കോടതി നിരീക്ഷിച്ചു. ബാങ്കുവിളിക്കെതിരെ ആർ. ചന്ദ്രശേഖർ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹരജിയാണ്​ കോടതി തിങ്കളാഴ്ച തീർപ്പാക്കിയത്​. ആക്ടിങ്​ ചീഫ്​ ജസ്റ്റിസ്​ അലോക്​ ആരാധ്യ, ജസ്റ്റിസ്​ എസ്​. വിശ്വജിത്ത്​ ഷെട്ടി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ്​ ഹരജി തീർപ്പാക്കിയത്​.

പരാതിക്കാരന്​ വേണ്ടി അഡ്വ. മജ്ഞുനാഥ്​ ആണ്​ ഹാജരായത്​. ബാങ്കുവിളി മുസ്​ലിംകളുടെ അവിഭാജ്യ മതകാര്യം ആണെങ്കിലും ഇതിലെ 'അല്ലാഹു അക്​ബർ' (അല്ലാഹു വലിയവനാണ്) എന്നത്​ മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരന്‍റെ പ്രധാന വാദം. ഇതിനാൽ പള്ളികളിൽ നിന്ന്​ ലൗഡ്​സ്​പ്പീക്കറിലൂടെ ബാങ്കുവിളിക്കുന്നത്​ നിർത്തണമെന്നും ആവശ്യമുണ്ടായിരുന്നു.

ഹരജിയിൽ ബാങ്കുവിളിയിലെ മറ്റ്​ വാചകങ്ങളും ഉണ്ടായിരുന്നുവെങ്കിലും താങ്കളുടെ അവകാശങ്ങളെ ഹനിക്കുന്നത്​ എന്ന്​ താങ്കൾ തന്നെ പറയുന്ന ബാങ്കിലെ വാക്യങ്ങൾ എന്തിനാണ്​ വായിക്കുന്നതെന്ന്​ കോടതി ഹരജിക്കാരനോട്​ ചോദിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 25(1) എല്ലാവർക്കും അവരവരുടെ മതവിശ്വാസങ്ങൾ സ്വതന്ത്ര്യമായി പാലിക്കാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്നുണ്ട്​. ഇത്​ നിയന്ത്രണങ്ങളും പൊതുനിയമങ്ങളും പാലിച്ചായിരിക്കണം. പ്രാർഥനക്ക്​​ മുസ്​ലിംകളെ ക്ഷണിക്കുന്നതാണ്​ ബാങ്കുവിളി. അത്​ അവരുടെ അവിഭാജ്യ ഘടകമാണെന്ന്​ പരാതിക്കാരൻ ത​ന്നെ സമ്മതിക്കുന്നുണ്ട്​. അത്​ ഹരജിക്കാരന്‍റേയോ മറ്റുള്ളവരുടെയോ അടിസ്ഥാന അവകാശത്തെ ബാധിക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

ലൗഡ്​സ്പീക്കറുകളടക്കമുള്ള ശബ്​ദസാമഗ്രികൾ രാത്രി പത്തിനും രാവിലെ ആറിനും​ ഇടയിൽ ഉപയോഗിക്കരുതെന്ന​ ഹൈക്കോടതി വിധി പാലിക്കുന്നുണ്ടോ എന്ന്​​ അധികൃതർ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു. 

Tags:    
News Summary - Bank calls in mosque do not harm other faiths, Karnataka High Court dismisses plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.