ബംഗളൂരു: ബംഗളൂരുവില്‍ കോവിഡ് രോഗികള്‍ക്ക് ആശുപത്രിയില്‍ കിടക്കകള്‍ അുനുവദിക്കുന്നതുമായി ബന്ധപ്പെട്ട അഴിമതിയില്‍ അറസ്റ്റിലായ പ്രതികളുടെ പേരുവിവരം നിരത്തി യൂത്ത് കോൺഗ്രസ് ദേശീയ വക്താവ് ശ്രീവത്സ. യുവമോർച്ച നേതാവും ബി.ജെ.പി എം.പിയുമായ തേജസ്വി സൂര്യ ഈ അഴിമതിയുമായി ബന്ധപ്പെട്ട് പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ച 16 മുസ്‌ലിംകളിൽ ഒരാൾ പോലും പ്രതിപ്പട്ടികയിൽ ഇല്ല. അവർക്കാർക്കും ഈ കേസുമായി വിദൂര ബന്ധം പോലുമില്ലെന്നും ശ്രീവത്സ വ്യക്തമാക്കി.
''ബി.ബി.എം.പി കോവിഡ് കിടക്ക അഴിമതി കേസിൽ അറസ്റ്റിലായ ആളുകൾ ഇതാ...!
എം. ബാബു, നേത്രാവതി, രോഹിത് കുമാർ, റെഹാൻ, സുരേഷ്, മഞ്ജുനാഥ്, വെങ്കട സുബ്ബറാവു, പുനീത്, വരുൺ, യശ്വന്ത്...
തേജസ്വി സൂര്യ പേരെടുത്ത് പറഞ്ഞ 6 മുസ്‌ലിംകളിൽ ആർക്കും ഈ കേസുമായി വിദൂര ബന്ധംപോലുമില്ല.
വാസ്തവത്തിൽ, തേജസ്വിയോടൊപ്പമുള്ള ഒരു ബി.ജെ.പി എം.എൽ.എയും അയാളുടെ സഹായിയുമാണ് ഇതിന്‍റെ സൂത്രധാരൻ!'' എന്നാണ് ശ്രീവത്സ ട്വീറ്റ് ചെയ്തത്.
അറസ്റ്റിലായവരിൽ രൂപേന അഗ്രഹാര സ്വദേശി എം. ബാബു ബൊമ്മനഹള്ളിയിലെ ബി.ജെ.പി എം.എല്‍.എ സതീഷ് റെഡ്ഡിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമാണ്. ആശുപത്രികളിൽ കോവിഡ് ബെഡ് ബുക്ക് ചെയ്ത് വൻ തുകക്ക് തിരിമറി നടത്തിയ കേസിലെ മുഖ്യകണ്ണി ഇയാളാണെന്നാണ് സി.സി.ബി കണ്ടെത്തല്‍.
പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗികളുടെ പേരില്‍ കിടക്ക ബുക്ക് ചെയ്തശേഷം വന്‍തുക ഈടാക്കി മറ്റുരോഗികള്‍ക്ക് കിടക്ക നല്‍കുകയായിരുന്നു തട്ടിപ്പ് സംഘത്തിന്‍റെ രീതി.
തേജസ്വി സൂര്യക്കൊപ്പം ബി.ബി.എം.പി കോവിഡ് വാർ റൂമിലെത്തി പരിശോധന നടത്താനും അഴിമതി ആരോപണമുന്നയിക്കാനും സതീഷ് റെഡ്ഡി എം.എല്‍.എയാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. എം.പിയുെട വിവാദവളിപ്പെടുത്തലും തുടർന്ന് 17 മുസ്ലിം ജീവനക്കാരെ ലക്ഷ്യമിട്ട് ബി.ജെ.പി നേതാക്കൾ നടത്തിയ വിദ്വേഷ പ്രചാരണവും ഏറെ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.
ഈ മാസം നാലിനാണ് തേജസ്വി സൂര്യ എം.പി കോവിഡ് കിടക്കകള്‍ അനുവദിക്കുന്നതില്‍ വന്‍ അഴിമതി നടക്കുന്നതായി ആരോപണമുന്നയിച്ചത്. ബി.ബി.എം.പി ഉദ്യോഗസ്ഥരും വാർ റൂമുകളിലെ ചില ജീവനക്കാരാണ് അഴിമതിക്ക് നേതൃത്വം നല്‍കുന്നതെന്നും ഇക്കാര്യം തെൻറ ഓഫീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായതായും തേജസ്വി സൂര്യ അവകാശപ്പെട്ടിരുന്നു.
തുടര്‍ന്ന് ബി.ജെ.പി എം.എൽ.എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചാര്‍ എന്നിവർെക്കാപ്പം കോവിഡ് വാര്‍ റൂം സന്ദര്‍ശിച്ച എം.പി, ജീവനക്കാരിലെ 17 മുസ്ലിം പേരുകള്‍ പരസ്യമായി വായിക്കുകയും അഴിമതി ആരോപണം ഉന്നയിക്കുകയുമായിരുന്നു. എന്നാൽ, കേസിൽ ആരോപണ വിധേയരായ മുസ്ലിം യുവാക്കൾക്ക് പങ്കില്ലെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി.
ബാബു പല തവണ വാര്‍റൂമുകളില്‍ എത്തിയതായി സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കോവിഡ് ബെഡ് അഴിമതിയിൽ ബി.ജെ.പി നേതാക്കളുടെ പങ്ക് മറച്ചുവെക്കാനാണ് കോവിഡ് വാര്‍റൂമിലെത്തി ബി.ജെ.പി ജനപ്രതിനിധികള്‍ നാടകം കളിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും കുറ്റക്കാരെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.