ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത ബംഗളൂരു-മൈസൂരു അതിവേഗപാത (എൻ.എച്ച് 275) കേരളത്തിനും ഏറെ നേട്ടമുണ്ടാക്കും. 118 കി.മീ. ദൈർഘ്യമുള്ള പുതിയ പാത ഇരുനഗരങ്ങളും തമ്മിലുള്ള മൂന്നുമണിക്കൂർ യാത്രസമയം 75 മിനുട്ടായി കുറച്ചിട്ടുണ്ട്. എന്നാൽ, നഗരത്തിലെ കുരുക്കുകൂടി കണക്കിലെടുത്താൽ ബംഗളൂരുവിൽ എത്താൻ ഒന്നരമണിക്കൂറോളം എടുക്കും.
മൈസൂരു നഗരാതിർത്തിയിലെ മണിപ്പാൽ ആശുപത്രിക്കു മുന്നിൽനിന്നാണ് അതിവേഗപാത തുടങ്ങുന്നത്. പ്രധാന ഗതാഗതത്തിനായി ആറുവരിപ്പാതയും ഇരുവശത്തുമായി രണ്ടുവീതം സർവിസ് റോഡുകളുമാണുള്ളത്. 110-120 കി.മീ. വേഗതയിൽ സഞ്ചരിക്കാം. വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രസമയം ഒന്നര മണിക്കൂർ കുറയും. ചിക്കമംഗളൂരു, കുടഗ്, മംഗളൂരു, കേരളത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവയുമായി മൈസൂരു, ബംഗളൂരു നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാത കൂടിയാണിത്.
നിലവിൽ ബന്ദിപുർ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന കൊല്ലഗൽ-സുൽത്താൻ ബത്തേരി-കോഴിക്കോട് ദേശീയപാതയിൽ (എൻ.എച്ച് 766) 2009 മുതൽ രാത്രിയാത്ര നിരോധം ഉണ്ട്. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ ബന്ദിപുർ വനത്തിലൂടെയുള്ള ദേശീയപാതയുടെ ഈ ഭാഗം അടക്കും.
രാത്രി ഒമ്പതിനുമുമ്പ് എത്തുന്ന വാഹനങ്ങളെ മാത്രമേ കടന്നുപോകാൻ അനുവദിക്കുന്നുള്ളൂ. ഇതിനാൽ ബംഗളൂരുവിൽനിന്ന് വൈകീട്ട് നാലിന് മുമ്പെങ്കിലും പുറപ്പെടണം. ഇല്ലെങ്കിൽ മൈസൂരു-ഗോണിക്കുപ്പ-കുട്ട-മാനന്തവാടി വഴിയുള്ള ബദൽപാതയിലൂടെ പോകാമെങ്കിലും 60 കി.മീ. അധികദൂരം സഞ്ചരിക്കണം. വൈകീട്ട് നാലിനുശേഷം പുറപ്പെട്ടാലും അതിവേഗപാതയിലൂടെ യാത്രനിരോധനസമയത്തിനുമുമ്പേ ബന്ദിപുർ കടക്കാനാകും.
ബംഗളൂരുവിനെ വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ഇത് ഏറെ ആശ്വാസകരമാണ്. നിലവിൽ ബംഗളൂരുവിൽനിന്ന് വൈകീട്ട് നാലിന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസാണ് ബന്ദിപുരിലൂടെ കടന്നുപോകുന്ന അവസാന ബസ്. ഇനി വൈകീട്ട് നാലിനുശേഷവും ബംഗളൂരുവിൽനിന്ന് ബന്ദിപുരിലൂടെ ബസ് സർവിസ് നടത്താം.
എൻ.എച്ച് 766, കോയമ്പത്തൂർ-ബംഗളൂരു പാത (എൻ.എച്ച് 948) എന്നിവയെ എൻ.എച്ച് 275മായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി പറഞ്ഞിട്ടുണ്ട്. ഇത് നടപ്പായാൽ സുൽത്താൻ ബത്തേരി, കോയമ്പത്തൂർ നഗരങ്ങളെ പുതിയ അതിവേഗപാതയുമായി ബന്ധിപ്പിക്കാം. എൻ.എച്ച് 275 ലെ മൈസൂരു-കുശാൽനഗർ നാലുവരിപ്പാതയുടെ നിർമാണം തുടങ്ങിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.