ടെക്കി ആത്മഹത്യ ചെയ്തത് ഭാര്യയുടെ ശല്യം സഹിക്കാനാകാതെ; ട്രംപിനെയും മസ്കിനെയും ടാഗ് ചെയ്ത് അവസാന പോസ്റ്റ്

ബംഗളൂരു: നഗരത്തിൽ 34കാരനായ ടെക്കി ആത്മഹത്യ ചെയ്തതിനു കാരണക്കാർ ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജുമാണെന്ന് റിപ്പോർട്ട്. ഇവർ നിരന്തര ശല്യക്കാരും പിടിച്ചുപറിക്കാരും അഴിമതിക്കാരുമാണെന്ന് യുവാവിന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. തിങ്കളാഴ്ചയാണ് സ്വകാര്യ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതുൽ സുഭാഷ് ബംഗളൂരുവിലെ വീട്ടിൽ സീലിങ്ങിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ചത്. സംഭവത്തിൽ ഭാര്യക്കെതിരെ സുഭാഷിന്‍റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

24 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പൊലീസ് കണ്ടെത്തിയത്. ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നുണ്ട്. ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയും കുറിപ്പിൽ പരാമർശിക്കുന്നു. കോടതിയിലെ ഒരു ഉദ്യോഗസ്ഥൻ ജഡ്ജിക്ക് മുന്നിൽവച്ച് കൈക്കൂലി വാങ്ങിയതായി സുഭാഷ് ആരോപിക്കുന്നു. കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നൽകിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

ആത്മഹത്യയിലേക്ക് നയിക്കാൻ തന്നെ പ്രേരിപ്പിച്ച സംഭവങ്ങളും അദ്ദേഹം വിവരിച്ചു. തനിക്ക് നീതി ലഭിക്കുന്നതുവരെ തൻ്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്ന് കുടുംബാംഗങ്ങളോട് അഭ്യർഥിക്കുകയും താൻ നേരിട്ട വിഷമം വിവരിക്കുകയും ചെയ്യുന്ന വിഡിയോ സുഭാഷ് റെക്കോർഡുചെയ്‌തു. ഈ വീഡിയോയുടെ ലിങ്ക് എക്സിൽ പങ്കുവെക്കുകയും ഇലോൺ മസ്‌കിനെയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ടാഗ് ചെയ്യുകയും ചെയ്തു.

“നിങ്ങൾ ഇത് കാണുമ്പോഴേക്ക് ഞാൻ മരിച്ചിരിക്കും. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് നിയമപരമായ പുരുഷ വംശഹത്യയാണ്. മരിച്ച ഒരാൾ ഇലോൺ മസ്‌കിനോടും ഡോണൾഡ് ട്രംപിനോടും ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും അഭ്യർഥിക്കുന്നു” സുഭാഷ് എക്സിൽ കുറിച്ചു. നിരവധിപ്പേരാണ് പോസ്റ്റിൽ പ്രതികരിച്ച് രംഗത്തുവന്നത്.

തന്നെ ഉപദ്രവിച്ചവർ നിയമത്തിനു മുന്നിൽ ശിക്ഷിക്കപ്പെടുന്നതുവരെ ചിതാഭസ്മം സംസ്കരിക്കരുതെന്ന് സുഭാഷ് വിഡിയോയിൽ അഭ്യർഥിച്ചു. അത് സംഭവിച്ചില്ലെങ്കിൽ ത​ന്‍റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയിൽ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറഞ്ഞു. തെറ്റായ ആരോപണങ്ങളിലും പീഡനങ്ങളിലും വേദന പ്രകടിപ്പിക്കുകയും നല്ല ഭാവിക്കായി കുട്ടിയെ സ്വന്തം മാതാപിതാക്കൾ വളർത്തണമെന്നതുൾ​പ്പടെ നിരവധി ആഗ്രഹങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. കുട്ടിയെ വളർത്താൻ പണമില്ലെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും അവനെ ഏറ്റവും നന്നായി പരിപാലിക്കുന്ന മാതാപിതാക്കളും സഹോദരനുമടങ്ങുന്ന ത​ന്‍റെ കുടുംബത്തെ ഏൽപ്പിക്കണമെന്നും യുവാവ് പറഞ്ഞു.

ഭാര്യയെയും അവളുടെ കുടുംബത്തെയും മൃതദേഹത്തിനരികിൽ പ്രവേശിപ്പിക്കരുതെന്ന് സുഭാഷ് ആവശ്യപ്പെട്ടു. കാമറയോ കൂടിക്കാഴ്ചയുടെ തെളിവോ ഇല്ലാതെ ഭാര്യയെയോ അവളുടെ കുടുംബാംഗങ്ങളെയോ കാണരുതെന്നും കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ചു. തന്നെ ഉപദ്രവിച്ചവരെ ആവശ്യമെങ്കിൽ പൊതുസ്ഥലങ്ങളിൽ വെച്ച് മാത്രം കാണുക. കേസിൽ ഉൾപ്പെട്ട ജഡ്ജിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ഇവരെല്ലാം ചേർന്ന് തന്നെ കുടുക്കിയതാണെന്നും യുവാവ് ആരോപിച്ചു. നിയമവ്യവസ്ഥയോടുള്ള ത​ന്‍റെ നിരാശയിൽ എടുത്ത കടുത്ത തീരുമാനം മൂലമുണ്ടായ വേദനയിൽ മാതാപിതാക്കളോട് ക്ഷമാപണവും ഉൾപ്പെടുത്തി.

Tags:    
News Summary - Bengaluru techie dies by suicide, cites harassment by wife; tags Trump, Musk in last post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.