ചന്ദ്രബാബു നായിഡു, രേവന്ത് റെഡ്ഡി

'നിര്‍ണായക വിഷയങ്ങളില്‍ ചര്‍ച്ച നടത്തണം': രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ചക്ക് തയാറെടുത്ത് ചന്ദ്രബാബു നായിഡു

ഹൈദരാബാദ്: സംസ്ഥാന വിഭജനം പത്തുവര്‍ഷം പിന്നിട്ട വേളയില്‍, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. തെലങ്കാന മുഖ്യമന്ത്രിക്ക് നായിഡു അയച്ച കത്തില്‍ ഇരു സംസ്ഥാനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. എന്‍.ഡി.എ സഖ്യകക്ഷിയായ ചന്ദ്രബാബു നായിഡു രേവന്ത് റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തുന്നതിനെ സംശയദൃഷ്ടിയോടെയാണ് രാഷ്ട്രീയവൃത്തങ്ങള്‍ നോക്കിക്കാണുന്നത്.

''ആന്ധ്രപ്രദേശ് വിഭജനത്തിന് പത്ത് വര്‍ഷം തികഞ്ഞു. പുനഃസംഘടനാ നിയമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നമ്മുടെ സംസ്ഥാനങ്ങളുടെ ക്ഷേമത്തിനും പുരോഗതിക്കും കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തില്‍, ജൂലൈ 6 ശനിയാഴ്ച ഉച്ചതിരിഞ്ഞ് താങ്കളുടെ വസതിയില്‍ കൂടിക്കാഴ്ച നടത്താന്‍ താല്‍പര്യപ്പെടുന്നു. നിര്‍ണായക വിഷയങ്ങളില്‍ സമഗ്രമായി ചര്‍ച്ച നടത്താനും ആന്ധ്രപ്രദേശിനും തെലങ്കാനക്കും പരസ്പര പ്രയോജനകരമായ പരിഹാരങ്ങള്‍ കൈവരിക്കുന്നതിനും കൂടിക്കാഴ്ച പ്രയോജനപ്പെടുമെന്ന് വിശ്വസിക്കുന്നു. നമ്മുടെ ആലോചനകള്‍ ക്രിയാത്മക ഫലങ്ങളിലേക്ക് നയിക്കുമെന്ന് ഉറപ്പുണ്ട്'' -രേവന്ത് റെഡ്ഡിക്ക് അയച്ച കരത്തില്‍ നായിഡു വ്യക്തമാക്കി.

സംസ്ഥാന വിഭജനത്തിന് ശേഷം സംയുക്ത തലസ്ഥാനം എന്ന ഹൈദരാബാദിന്റെ പദവി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. നിലവില്‍ തെലങ്കാനയുടെ മാത്രം തലസ്ഥാനമാണ് ഹൈദരാബാദ്. ആന്ധ്രപ്രദേശിന് പുതിയ തലസ്ഥാനനഗരം ഇതുവരെ തയാറായിട്ടില്ല. സംസ്ഥാന തലസ്ഥാനമാക്കാനുള്ള അമരാവതി പ്രോജക്ട് ഇനിയും നിര്‍മാണ ഘട്ടത്തിലാണ്. ഇവിടം തലസ്ഥാനമാക്കുമെന്നത് ടി.ഡി.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ്.

കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ കെ. ചന്ദ്രശേഖര റാവുവിന്റെ ഭാരതരാഷ്ട്രസമിതിയെ തോല്‍പ്പിച്ചു കൊണ്ടാണ് കോണ്‍ഗ്രസിന്റെ രേവന്ത്് റെഡ്ഡി അധികാരത്തില്‍ വന്നത്. 2017ല്‍ കോണ്‍ഗ്രസില്‍ ചേരുന്നതിന് മുമ്പ് തെലുഗു ദേശം പാര്‍ട്ടിയുടെ ഭാഗമായിരുന്ന രേവന്ത് റെഡ്ഡി, നായിഡുവിന്റെ വിശ്വസ്തനായിരുന്നു. 2015ലെ വോട്ടിന് കോഴ അഴിമതി കേസില്‍ രേവന്ത് ജയിലില്‍ പോയിരുന്നു. ഇത്തവണ ഡല്‍ഹിയില്‍ നിരവധി പാര്‍ട്ടി നേതാക്കളെ കണ്ട രേവന്ത് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ സന്ദര്‍ശിച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Tags:    
News Summary - Chandrababu Naidu seeks meeting with Revanth Reddy, sets political circles abuzz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.