ബി.ജെ.പി റിബലായി കെ.എസ്. ഈശ്വരപ്പ പത്രിക നൽകി; എത്തിയത് പടുകൂറ്റൻ പ്രകടനത്തോടെ

മംഗളൂരു: കർണാടക ബി.ജെ.പിയുടെ രാഷ്ട്രീയ ആകാശത്തിൽ കനത്തുനിന്ന ഇരുണ്ട മേഘങ്ങൾ വെള്ളിയാഴ്ച ഇടിമിന്നലോടെ പെയ്തു. മുൻ ഉപമുഖ്യമന്ത്രി കൂടിയായ മുതിർന്ന നേതാവ് സംസ്ഥാനത്ത് കാവിരാഷ്ട്രീയത്തിൽ ആദ്യമായി റിബലായി രംഗത്ത് വന്നു. കെ.എസ്. ഈശ്വരപ്പ അടുത്ത മാസം ഏഴിന് തെരഞ്ഞെടുപ്പ് നടക്കുന്ന ശിവമോഗ്ഗ ലോക്സഭ മണ്ഡലത്തിൽ വെള്ളിയാഴ്ച റിബൽ സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു.

ശിവമോഗ്ഗ ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഓഫിസിലേക്ക് പടുകൂറ്റൻ പ്രകടന അകമ്പടിയോടെ ആവേശപൂർവമാണ് സ്ഥാനാർഥിയും അനുയായികളും എത്തിയത്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുകൾ കാറ്റിൽ പറത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോട്ടോ ഉൾപ്പെട്ട പോസ്റ്ററുകളും ബാനറുകളും പ്രകടനത്തിൽ ഉയർത്തി.

ശിവമോഗ്ഗ മണ്ഡലത്തിലെ എട്ട് നിയമസഭ മണ്ഡലങ്ങളിൽ നിന്നുമായി 20,000ത്തോളം പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു.

"ഇന്ന് മുതൽ പോളിങ് അവസാനിക്കും വരെ പ്രവർത്തകർ പ്രചാരണ രംഗത്ത് ഉണ്ടാവും. അവർ വീടുവീടാന്തരം കയറി, തന്നോടും സാധാരണ പ്രവർത്തകരോടും നേതൃത്വം കാണിച്ച അനീതിയെക്കുറിച്ച് പറയും. പിതാവും (ബിഎസ് യദ്യൂരപ്പ) പുത്രനും (ബിജെപി സംസ്ഥാന പ്രസിഡന്റ് ബിവൈ വിജയേന്ദ്ര) നടപ്പാക്കുന്ന തന്നിഷ്ടത്തിൽ നോവുന്ന, വീർപ്പുമുട്ടുന്ന അടിത്തട്ടിലെ പ്രവർത്തകരുടെ സങ്കടങ്ങൾ ഉണർത്തും. ശിവമോഗ്ഗയിലെ വോട്ടർമാർ തുണക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഞാൻ ജയിക്കും, എന്നെയേ ഈ ജനത ജയിപ്പിക്കൂ"-പത്രിക സമർപ്പണ ശേഷം ഈശ്വരപ്പ തൊണ്ടയിടറി മാധ്യമങ്ങളോട് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാവേരി മണ്ഡലത്തിൽ തന്റെ മകൻ കെ.ഇ. കാന്തേശിനെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പു നൽകിയ മുൻ മുഖ്യമന്ത്രിയും ബിജെപി പാർലമെന്ററി ബോർഡ് അംഗവുമായ ബി.എസ്.യദ്യൂരപ്പ ചതിച്ചുവെന്ന് ആരോപിച്ചാണ് ഈശ്വരപ്പ നേതൃത്വവുമായി ഇടഞ്ഞത്.

യദ്യൂരപ്പയുടെ മകനും സിറ്റിംഗ് എം.പിയുമായ ബി.വൈ. രാഘവേന്ദ്ര (ബി.ജെ.പി), കന്നട സൂപ്പർ സ്റ്റാർ ഡോ. ശിവരാജ്കുമാറിന്റെ ഭാര്യയും മുൻമുഖ്യമന്ത്രി എസ്.ബങ്കാരപ്പയുടെ മകളുമായ ഗീത ശിവരാജ്കുമാർ (കോൺഗ്രസ്) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.

ശിവമോഗ്ഗ ലോക്സഭ മണ്ഡലത്തിൽ റിബൽ സ്ഥാനാർഥിയായി കെ.എസ്. ഈശ്വരപ്പ പത്രിക നൽകുന്നു

Tags:    
News Summary - BJP leader K.S. Eshwarappa submits nomination papers as independent candidate in Shivamogga Lok Sabha seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.