മുംബൈ: 'അനാഥ് ' എന്ന വാക്കിന് കളങ്കമില്ലെന്നും വാക്ക് മാറ്റേണ്ട ആവശ്യമില്ലെന്നും ബോംബെ ഹൈകോടതി. 'അനാഥ്'എന്ന വാക്ക് 'സ്വനാഥ്' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജി ഹൈകോടതി തള്ളി. സർക്കാരിതര സംഘടനയായ സ്വനാഥ് ഫൗണ്ടേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് മാധവ് ജംദാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്.
മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ ഇതിനകം തന്നെ ദുർബലമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്നുണ്ടെന്നും 'അനാഥ്' എന്ന വാക്ക് ദരിദ്രരും നിസ്സഹായരും നിരാലംബരുമായ കുട്ടിയാണെന്ന് സൂചിപ്പിക്കുന്നുവെന്നും ഹരജിയിൽ പറയുന്നു. അതിനാൽ സ്വയം ആശ്രയിക്കുന്ന, ആത്മവിശ്വാസമുള്ള കുട്ടി എന്നർഥം വരുന്ന 'സ്വനാഥ്' എന്നാക്കി വാക്ക് മാറ്റണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം.
വിഷയത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈകോടതി വ്യക്തമാക്കി. ചിലപ്പോൾ നമുക്കും ഒരു ലക്ഷ്മണരേഖ വരക്കേണ്ടി വരുമെന്നും എല്ലാ കാര്യങ്ങളിലും ഇടപെടരുതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
മറാത്തി, ഹിന്ദി, ബംഗാളി ഭാഷകളിൽ പോലും അനാഥ് എന്ന പദം കാലങ്ങളായി അനാഥത്വത്തിന്റെ പര്യായമായി ഉപയോഗിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. 'അനാഥ്' എന്ന വാക്ക് കാലങ്ങളായി ഉപയോഗിക്കുന്നുണ്ട്. മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന 'അനാഥ്' എന്ന വാക്ക് ഏതെങ്കിലും തരത്തിൽ അപകീർത്തിപ്പെടുത്തുന്നതാണെന്ന ഹരജിക്കാരന്റെ നിലപാടിനോട് കോടതി യോജിക്കുന്നില്ല. ഒരു മാറ്റവും ആവശ്യമില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
'അനാഥ്' എന്ന വാക്ക് 'സ്വനാഥ്' എന്നാക്കി മാറ്റണമെന്ന് എൻ.ജി.ഒ ആഗ്രഹിക്കുന്നുവെന്ന് പോലും പറഞ്ഞിരുന്നു. ഹരജിക്കാരൻ ഉൾപ്പെടുന്ന ട്രസ്റ്റിന്റെ പേര് മാറ്റണമെന്നാണ് ആവശ്യം. ഈ വിഷയത്തിൽ സംസ്ഥാനത്തിന്‍റെ അഭിപ്രായം തേടേണ്ട ആവശ്യമില്ലെന്നും ഹരജി തള്ളുകയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.