ന്യൂഡൽഹി: ലോക്സഭ കഴിഞ്ഞ ദിവസം പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതി ബില്ലിൽ നിരവധി പരിഷ്കാരങ്ങൾ. നോമിനികളുടെ എണ്ണത്തിലെ വർധനയാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ഭേദഗതി അനുസരിച്ച് സ്ഥിരനിക്ഷേപം, ലോക്കർ ഉൾപ്പെടെ ബാങ്ക് അക്കൗണ്ടുകളിൽ നാല് നോമിനികളെ നിർദേശിക്കാം. നിലവിൽ ഒരു നോമിനിയെ മാത്രമാണ് നിർദേശിക്കാവുന്നത്. അക്കൗണ്ട് ഉടമ മരിച്ചാൽ അനന്തരാവകാശികൾക്ക് എളുപ്പത്തിൽ നിക്ഷേപത്തുക കൈമാറാനാണ് പരിഷ്കാരം.
കോവിഡ് കാലത്ത് അക്കൗണ്ട് ഉടമയും നോമിനിയും മരിച്ച സാഹചര്യങ്ങളിൽ നിക്ഷേപം വിട്ടുകിട്ടുന്നത് സംബന്ധിച്ച് തർക്കങ്ങളുണ്ടായിരുന്നു. നോമിനികളെ രണ്ട് തരത്തിൽ നിർദേശിക്കാം. ഓരോ നോമിനിക്കും നിശ്ചിത വിഹിതം ലഭിക്കുന്ന രീതിയിലും നോമിനികൾക്ക് മുൻകൂട്ടി നിശ്ചയിച്ച ക്രമപ്രകാരം നിക്ഷേപം ലഭിക്കുന്ന രീതിയിലും. സഹകരണ ബാങ്കുകളിലെ ഡയറക്ടർമാരുടെ കാലാവധി എട്ടുവർഷത്തിൽനിന്ന് പത്ത് വർഷമാക്കും. എന്നാൽ, ചെയർമാനും മുഴുവൻ സമയ ഡയറക്ടർക്കും ഇത് ബാധകമാക്കില്ല. കേന്ദ്ര സഹകരണ ബാങ്കിലെ ഡയറക്ടർക്ക് സംസ്ഥാന സഹകരണ ബാങ്കിെന്റ ബോർഡിലും അംഗമാകാൻ ഭേദഗതി അനുമതി നൽകുന്നു.
അവകാശികളില്ലാത്ത ഡിവിഡന്റ്, ഓഹരി, പലിശ, ബോണ്ട് എന്നിവ നിക്ഷേപകരുടെ അവകാശ സംരക്ഷണത്തിനും ബോധവത്കരണത്തിനുമുള്ള ഫണ്ടിലേക്ക് മാറ്റാനും ഭേദഗതി നിർദേശിക്കുന്നു. തർക്കങ്ങളുള്ളവർക്ക് ഈ ഫണ്ടിൽനിന്ന് റീഫണ്ട് തേടാം. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർമാരുടെ പ്രതിഫലം നിശ്ചയിക്കുന്നതിൽ ബാങ്കുകൾക്ക് സ്വാതന്ത്ര്യം നൽകുന്നതാണ് മറ്റൊരു ഭേദഗതി. പ്രഫഷനലുകളെ ആകർഷിക്കാനും നിലനിർത്താനും ഇതുവഴി ബാങ്കുകൾക്ക് സാധിക്കും. ബാങ്കുകളുമായി ബന്ധപ്പെട്ട് നിലവിലുള്ള അഞ്ച് നിയമങ്ങളിൽ 19 ഭേദഗതികളാണ് നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.