ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു. കോണ്‍ഗ്രസ്, ടി.എം.സി, ഇടതുപാര്‍ട്ടികളുടെ ബഹളത്തില്‍ വെള്ളിയാഴ്ചയും ഇരുസഭകളും പലകുറി മുടങ്ങി. രാജ്യസഭയില്‍ കഴിഞ്ഞദിവസം നടന്ന ചര്‍ച്ചക്കിടെ, ഉറി ഭീകരാക്രമണത്തില്‍ മരിച്ചവരെക്കാള്‍ കൂടുതല്‍ നോട്ട് പ്രതിസന്ധി കാരണം മരിച്ചെന്നു പറഞ്ഞ ഗുലാം നബി ആസാദിന്‍െറ മാപ്പ് ആവശ്യപ്പെട്ട് ബി.ജെ.പിയും നോട്ട് പ്രതിസന്ധിയുണ്ടാക്കിയ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ബഹളം വെച്ചതോടെ വെള്ളിയാഴ്ചയും സഭാ നടപടികള്‍ തടസ്സപ്പെട്ടു.
ലോക്സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം സ്പീക്കര്‍ സുമിത്രാ മഹാജന്‍ ആവര്‍ത്തിച്ച് തള്ളി. വോട്ടെടുപ്പില്ലാതെയുള്ള ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി അനന്ത്കുമാര്‍ ആവര്‍ത്തിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. നോട്ട് വിഷയത്തില്‍ ചര്‍ച്ച നടന്ന രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ മറുപടി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം. എന്നാല്‍, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി മറുപടി പറയുമെന്നും പ്രധാനമന്ത്രി സഭയില്‍ വരില്ളെന്നുമുള്ള നിലപാടിലാണ് ഭരണപക്ഷം. നോട്ട് പ്രതിസന്ധയെക്കുറിച്ച് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങാനുള്ള ധാരണ ഇതുവരെ രൂപപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ്, ടി.എം.സി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടര്‍ന്നതോടെ സഭ വെള്ളിയാഴ്ചത്തേക്ക് പിരിഞ്ഞു.
നോട്ട് വിഷയത്തില്‍ പ്രതിരോധത്തിലാണെങ്കിലും പാര്‍ലമെന്‍റില്‍ പ്രതിപക്ഷ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ളെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍െറ തീരുമാനം. തിങ്കളാഴ്ച പാര്‍ലമെന്‍റ് വീണ്ടും സമ്മേളിക്കുന്നതിന് മുമ്പ് ബാങ്കുകള്‍ക്കും എ.ടി.എമ്മിനും മുന്നിലുള്ള തിരക്ക് കുറയുമെന്നും അത് സര്‍ക്കാറിന് ആശ്വാസമായി മാറുമെന്നുമാണ് മോദി പക്ഷം കണക്കുകൂട്ടുന്നത്.
നോട്ട് അസാധു തീരുമാനം മൂന്നു ദിവസത്തിനകം പിന്‍ലിച്ചില്ളെങ്കില്‍ വന്‍ പ്രക്ഷോഭമുണ്ടാകുമെന്ന് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ ധര്‍ണ നടത്തി. വിജയ് ചൗക്കില്‍ പ്രതിഷേധ റാലി നടത്തിയ തൃണമൂല്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.