ന്യൂഡൽഹി: ആൾക്കൂട്ടകൊലകൾ ആർ.എസ്.എസ് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ആൾക്കൂട്ടകൊല ഭാരതത്തിന് അന്യമാണെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവർ.
രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ ആൾക്കൂട്ടകൊലകളായി ചിത്രീകരിച്ച് രാജ്യത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് മോഹൻ ഭാഗവത് പറഞ്ഞത്. ഇത് ശരിയാണെങ്കിൽ സുപ്രീംകോടതി പോലും അപകീർത്തിപ്പെടുത്തുന്നുവെന്ന് പറയേണ്ടിവരും. 2018 ജൂലൈയിൽ ആൾക്കൂട്ടകൊലകൾക്കെതിരെ സുപ്രീംകോടതി പ്രതികരിച്ചിരുന്നു.
ആൾക്കൂട്ടമർദനങ്ങൾ തടയാൻ പത്തോളം നിർദേശങ്ങളും സുപ്രീംകോടതി നൽകി. എന്നാൽ, ഇവയിൽ ഒന്നുപോലും സർക്കാർ നടപ്പാക്കിയില്ല -വൃന്ദ പറഞ്ഞു. ആൾക്കൂട്ടകൊലകൾ ഇന്ത്യയുടെ സംസ്കാരമല്ല, പക്ഷേ ആർ.എസ്.എസിന്‍റെ സംസ്കാരമാണ്. അതാണ് കുഴപ്പം.
രാജ്യത്തെ ജനാധിപത്യത്തിന്‍റെ അപകടാവസ്ഥയെക്കുറിച്ച് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. ഡെമോക്രസിയാണോ മോബോക്രസിയാണോ രാജ്യത്ത് നടക്കുന്നതെന്ന് കോടതി ചോദിച്ചതായും വൃന്ദ കാരാട്ട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.