ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ ജമ്മു-കശ്മീർ നയത്തെ നിശിതമായി വിമർശിക്കുന്ന ബ്രി ട്ടീഷ് എം.പി ഡബി അബ്രാഹംസിന് ഇന്ത്യയിലിറങ്ങാൻ വിലക്ക്. ഡൽഹി വിമാനത്താവളത്തിലെത്തിയ അവരെ പുറത്തുകടക്കാൻ അനുവദിക്കാതെ ദുബൈക്ക് കയറ്റിവിട്ടു. ബ്രിട്ടനിലെ കശ്മീർ കാര്യ പാർലമെൻററി ഗ്രൂപ് അധ്യക്ഷയാണ് ഡബി. സാധുവായ വിസയില്ലാതെയാണ് അവർ എത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
എന്നാൽ, കഴിഞ്ഞ ഒക്ടോബർ മുതൽ 2020 ഒക്ടോബർ വരെ കാലാവധിയുള്ള ഇ-വിസ സാധുവാണെന്ന് ഡബി വ്യക്തമാക്കി. ഡൽഹിയിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാനാണ് എത്തിയത്. കുറ്റവാളിയോടെന്നപോലെയാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥരും മറ്റും പെരുമാറിയതെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
തിങ്കളാഴ്ച രാവിലെ 8.50നാണ് ഡബി ഡൽഹി വിമാനത്താവളത്തിലെത്തിയത്. ഇ-വിസ കാണിച്ചപ്പോൾ കമ്പ്യൂട്ടർ രേഖ പരിശോധിച്ച ഉദ്യോഗസ്ഥൻ തനിക്കുനേരെ കണ്ണുരുട്ടിയെന്ന് അവർ പറയുന്നു. തുടർന്ന് പാസ്പോർട്ടുമായി പോയ ആളെ കുറെ നേരത്തെക്ക് കണ്ടില്ല. തിരിച്ചുവന്ന്, വിസ വിലക്കി തിരിച്ചയക്കുന്നവരെ ഇരുത്തുന്ന ‘ഡിപ്പോർട്ടി സെല്ലി’ലേക്കാണ് കൊണ്ടുപോയത്. വിവരം ഡൽഹിയിലെ സുഹൃത്തുക്കൾ ബ്രിട്ടീഷ് ഹൈകമീഷനെ അറിയിച്ചു. ഇതേതുടർന്നാണ് ദുബൈക്ക് കയറ്റിവിട്ടത്.
ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിപ്പോന്ന 370ാം ഭരണഘടനാ വകുപ്പ് എടുത്തുകളഞ്ഞതിനെയും തുടർന്നുള്ള നിയന്ത്രണങ്ങളെയും അവർ നിശിതമായി വിമർശിച്ചിരുന്നു. ഇന്ത്യയിൽ കടക്കാൻ അനുവദിച്ചില്ല എന്നതു കൊണ്ട് തെൻറ നിലപാടിൽ മാറ്റമില്ലെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.