ബംഗളൂരു: പട്ടിക ജാതിക്കാർക്കുള്ള സംവരണത്തിൽ ഉപസംവരണം ഏർപ്പെടുത്താനുള്ള കർണാടക സർക്കാർ നീക്കത്തിനെതിരെ വൻ സമരം. മുൻമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ ശിവമൊഗ്ഗ ജില്ലയിലെ ശിക്കാരിപുരയിലെ വീടിനുനേരെ അക്രമം. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉപസംവരണം ഏർപ്പെടുത്തണമെന്ന ജസ്റ്റിസ് എ.ജെ. സദാശിവ കമീഷന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച ബഞ്ചാര സമുദായാംഗങ്ങൾ സമരം നടത്തിയത്. നൂറുകണക്കിനാളുകൾ യെദിയൂരപ്പയുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു.
സമരം അക്രമാസക്തമായതോടെ വീടിനുനേരെ കല്ലേറുണ്ടായി. വീട് ഉപരോധിക്കാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. തുടർന്ന് സമരക്കാർ റോഡിൽ കുത്തിയിരുന്നു. യെദിയൂരപ്പയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും ഫോട്ടോകൾ കത്തിച്ചു. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു. പിന്നീട് സമരക്കാർ ശിക്കാരിപുര ടൗൺ പഞ്ചായത്ത് ഓഫിസിനു മുന്നിൽ സമരം തുടർന്നു. പൊലീസ് സൂപ്രണ്ട് ജി.കെ. മിഥുൻ കുമാർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പട്ടിക ജാതിക്കാരിൽ ഉപജാതിക്കാർക്കായി ഉപസംവരണം ഏർപ്പെടുത്തണമെന്നാണ് ജസ്റ്റിസ് എ.ജെ. സദാശിവ കമീഷൻ റിപ്പോർട്ട്. വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് റിപ്പോർട്ടിലെ നിർദേശങ്ങൾ സ്വീകരിക്കാൻ തീരുമാനിച്ചത്. ഇതുപ്രകാരം പട്ടിക ജാതിക്കാരെ എസ്.സി ലെഫ്റ്റ്, എസ്.സി റൈറ്റ്, ടച്ചബിൾസ്, മറ്റുള്ളവർ എന്നിങ്ങനെ നാല് വിഭാഗങ്ങളായി വിഭജിക്കും. ഇവർക്കായി യഥാക്രമം ആറ് ശതമാനം, 5.5 ശതമാനം, 4.5 ശതമാനം, ഒരു ശതമാനം എന്നിങ്ങനെ ഉപസംവരണം ഏർപ്പെടുത്തും. ഇതിൽ ടച്ചബിൾസ് വിഭാഗത്തിലാണ് ബഞ്ചാര, ഭോവി, കൊറച്ച, കൊറമ സമുദായങ്ങൾ ഉൾപ്പെടുന്നത്.
ഉപസംവരണ നീക്കം അശാസ്ത്രീയമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നുമാണ് പിന്നാക്ക വിഭാഗങ്ങൾ പറയുന്നത്. സാഹോദര്യത്തിൽ കഴിയുന്ന വിവിധ പട്ടികജാതി സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള കുടിലബുദ്ധിയാണ് ഉപസംവരണ നീക്കത്തിലൂടെ തെളിയുന്നത്. ഉപസംവരണം വന്നാൽ സമുദായത്തിന് നീതി കിട്ടില്ലെന്നും കമീഷൻ റിപ്പോർട്ട് തള്ളിക്കളയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മുസ്ലിംകൾക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം കഴിഞ്ഞ ദിവസമാണ് കർണാടക സർക്കാർ നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.