റായ്പുർ: ഛത്തീസ്ഗഢിൽ സുഖ്മ മേഖലയെ ചോരപ്പുഴയാക്കി വീണ്ടും മാവോവാദി ആക്രമണം. സി.ആർ.പി.എഫിെൻറ മൈൻ വേധ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പത് ജവാന്മാർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ഹെലികോപ്ടറിൽ റായ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ എട്ടിന് മാവോവാദി വേട്ടക്ക് പ്രത്യേക പരിശീലനം ലഭിച്ച കോബ്ര വിഭാഗത്തിലെ ജവാന്മാർ സുഖ്മയിലെ പാലോഡയിലേക്ക് പോകെവയാണ് ആക്രമണത്തിനിരയായത്. കിസ്താറാം വനമേഖലയിൽ െപട്രോളിങ് നടത്തുന്ന സി.ആർ.പി.എഫിെൻറ 212ാം ബറ്റാലിയൻ വാഹനം കടന്നുപോയ വഴിയിൽ പാകിയിരുന്ന ഉഗ്രശേഷിയുള്ള സ്ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
വൻതോതിൽ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നതിനാൽ വാഹനം അഗ്നിഗോളമായതായി സൈനിക വക്താവ് അറിയിച്ചു. ഛത്തീസ്ഗഢിെൻറ തലസ്ഥാനമായ റായ്പുരിൽനിന്ന് 500 കി.മീറ്റർ ദൂരെയാണ് വനപ്രദേശം. മാവോവാദികളും സൈന്യവും നിരന്തരം ആക്രമണപ്രത്യാക്രമണം നടത്തുന്ന മേഖലയാണ് സുഖ്മ. കഴിഞ്ഞവർഷം മാർച്ച് 11നുണ്ടായ ആക്രമണത്തിൽ 12 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ 24നുണ്ടായ മറ്റൊരാക്രമണത്തിൽ നിർമാണ മേഖലയിലേക്ക് ഇരച്ചെത്തിയ മാവോവാദികൾ 25 ജവാന്മാരെയാണ് കൊലപ്പെടുത്തിയത്.
സൈന്യത്തിെൻറ തിരിച്ചടിയിൽ രണ്ടുവർഷത്തിനിടെ 300ഒാളം മാവോവാദികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്നിന് തെലങ്കാന-ഛത്തിസ്ഗഢ് അതിർത്തിക്കുസമീപം ബിജാപുർ ജില്ലയിൽ മാവോവാദി ക്യാമ്പിനു നേരെ തെലങ്കാന-ആന്ധ്രപ്രദേശ് മാവോവാദി വിരുദ്ധസേന നടത്തിയ മിന്നലാക്രമണത്തിൽ ആറു സ്ത്രീകളടക്കം 12 മാവോവാദികളും പൊലീസ് കമാൻഡോയും കൊല്ലപ്പെട്ടിരുന്നു. തെലങ്കാന-ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമാണ് സുഖ്മ. തെലങ്കാന, ഛത്തീസ്ഗഢ് പൊലീസ് സംയുക്തമായി വേട്ട ഉൗർജിതമാക്കിയതിനെത്തുടർന്നാണ് മാവോവാദികൾ പ്രത്യാക്രമണം ശക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.