ന്യൂഡൽഹി: പതിറ്റാണ്ടുകളായി ഇന്ത്യൻ പൗരന്മാരായി ജീവിച്ചിട്ടും സി.എ.എക്ക് അപേക്ഷിക്കുന്നതു വഴി പൗരത്വംതന്നെ നഷ്ടപ്പെടുമോ എന്ന ആശങ്കയിൽ ഒരു വിഭാഗം. സാങ്കേതിക തകരാർമൂലം പൗരത്വ ഭേദഗതി നിയമ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അനന്തരഫലം എന്തായിരിക്കുമെന്നാണ് ഇവരുടെ ആശങ്ക. ഭേദഗതി നിയമം വഴിയുള്ള പൗരത്വത്തിനായി ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷകൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണിത്.അപേക്ഷകരിൽ പലരും പതിറ്റാണ്ടുകൾ മുമ്പ് ഇന്ത്യയിലെത്തിയവരാണ്. വർഷങ്ങളായി ഇന്ത്യൻ പൗരന്മാരായി ജീവിക്കുകയുമാണ്. എന്നാൽ, അവർ സമർപ്പിച്ച രേഖകളിലെ പിഴവ് സൂക്ഷ്മ പരിശോധന കമ്മിറ്റിയുടെ ശ്രദ്ധയിൽപെട്ടാൽ അപേക്ഷ നിരസിക്കപ്പെടാം. ഏതെങ്കിലും തരത്തിലുള്ള സുരക്ഷ ക്ലിയറൻസ് റിപ്പോർട്ട് ഉണ്ടെങ്കിലും അപേക്ഷകൾ നിരസിക്കപ്പെട്ടേക്കാം.
ഇങ്ങനെ വന്നാൽ നിയമപ്രകാരം അപേക്ഷകന് 30 ദിവസത്തിനകം കേന്ദ്രസർക്കാറിന് പുനഃപരിശോധന ഹരജി സമർപ്പിക്കാൻ അവകാശമുണ്ട്. അത്തരം അപേക്ഷകളിൽ കേന്ദ്രസർക്കാറിന്റെ തീരുമാനം അന്തിമമായിരിക്കും. അപേക്ഷ നിരസിച്ചാൽ പുനരവലോകനം നടത്തേണ്ടത് അതേ അധികാരമുള്ള സമിതിയാണെന്നും പുനഃപരിശോധന നിരസിക്കപ്പെട്ടാൽ ഹൈകോടതിയിൽ റിട്ട് ഹരജി സമർപ്പിക്കാൻ അപേക്ഷകർക്ക് അവകാശമുണ്ടെന്നും അസമിലെ അഭിഭാഷകൻ അമൻ വദൂദ് പറയുന്നു.
അപേക്ഷ നിരസിക്കപ്പെട്ടാൽ ആളുകൾ തടങ്കൽ കേന്ദ്രങ്ങളിൽ എത്തിച്ചേരുമെന്ന് ബംഗ്ലാദേശിൽനിന്ന് കുടിയേറിയ ഹിന്ദു സമൂഹത്തിൽനിന്നുള്ള തൃണമൂൽ കോൺഗ്രസ് പാർലമെന്റംഗം മമത ബാല ഠാകുർ മുന്നറിയിപ്പ് നൽകി. അപേക്ഷ നിരസിക്കപ്പെടുന്ന കാര്യത്തിൽ ഏറ്റവും കൂടുതൽ ആശങ്കയുള്ളത് പശ്ചിമ ബംഗാളിലെ മട്ടുവ സമുദായത്തിനാണ്. 1971ലെ പാകിസ്താനുമായുള്ള യുദ്ധത്തിനു മുമ്പും ശേഷവും ബംഗ്ലാദേശിൽനിന്ന് കുടിയേറിയതാണ് ഈ പട്ടികജാതി-വർഗ വിഭാഗങ്ങൾ. രേഖകളൊന്നുമില്ലാതെയാണ് ഇവരിൽ പലരും ഇന്ത്യയിലേക്ക് വന്നത്. എന്നാൽ, കാലക്രമേണ അവർക്ക് പാസ്പോർട്ടും വോട്ടർ ഐഡന്റിറ്റി കാർഡും പോലുള്ള രേഖകൾ ലഭിച്ചു. മട്ടുവ സമുദായത്തിൽനിന്ന് തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും എം.പിമാരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.