പ്രയാഗ്‌രാജ്: കുംഭമേളയിലെ ദുരന്തം വി.ഐ.പി സംസ്കാരം വരുത്തിവെച്ചതെന്ന് ഫുട്ബാൾ താരം സി.കെ.വിനീത്. വി.വി.ഐ.പികൾക്കായി എല്ലാ വഴികടച്ചുവെന്നും ആളുകൾ കൂടുതലായി എത്തിയപ്പോൾ നിയന്ത്രിക്കാനായില്ലെന്നും വിനീത് പറഞ്ഞു. ദുരന്തത്തിന് തൊട്ടുമുൻപ് വരെ വിനീതും സുഹൃത്തുകളും അപകടം നടന്ന സ്ഥലത്തുണ്ടായിരുന്നു.
"വി.ഐ.പികൾക്ക് മാത്രമായി വലിയൊരു ഭാഗമാണ് മാറ്റിവെച്ചത്. താരത്യേന വളരെ കുറച്ച് സ്ഥലം മാത്രമാണ് സാധാരണക്കാർക്കുണ്ടായിരുന്നത്. എല്ലാവരും ത്രിവേണി സംഗമത്തിൽ കുളിക്കണമെന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നത്. ഉൾക്കൊള്ളാനാവത്ത വിധം ആളുകൾ എത്തിയതോടെ കാര്യങ്ങൾ കൈവിട്ടുപോയി.
വി.ഐ.പികൾക്കായി പലയിടത്തും ബാരിക്കേട് വെച്ച് അടച്ചതോടെ സാധാരണക്കാരെല്ലാം ഒരുഭാഗത്തേക്ക് തന്നെ നീങ്ങുകയായിരുന്നു. ആളുകൾക്ക് സഞ്ചരിക്കാനുള്ള പാലം വരെ അടച്ചിരുന്നു. കുംഭമേള നടക്കുന്നത് തന്നെ വി.വി.ഐ.പികൾക്ക് വേണ്ടി മാത്രമാണ്. സാധാരണക്കാർക്ക് ഒരു പരിഗണനയുമില്ല. ഇത്രയും ആളുകൾ വരുന്നിടത്ത് എന്തിനാണ് ഇത്തരം വി.ഐ.പി പരിഗണന. അവർക്ക് വേണമെങ്കിൽ സാധാരണക്കാരോടൊപ്പം വരട്ടെ"- സി.കെ.വിനീത് തുറന്നടിച്ചു.
മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തിലെ പുണ്യസ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 30 പേരാണ് മരിച്ചത്. നിരവധിപേർക്ക് പരിക്കുമേറ്റു. ബുധനാഴ്ച പുലർച്ച ഒരുമണിയോടെയാണ് ദുരന്തം.
സന്യാസിമാർക്കൊപ്പമുള്ള ഗംഗാ സ്നാനത്തിന് ഭക്തർ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. മൗനി അമാവാസി ദിനമായതിനാൽ കോടിക്കണക്കിന് ഭക്തരാണ് ബുധനാഴ്ച സംഗമ സ്നാനത്തിനെത്തിയത്. ഭക്തർ ബാരിക്കേഡ് മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.