ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകളിലൊരാളായ കോൾ ഇന്ത്യ ലിമിറ്റഡിൽ നിന്ന് കോവിഡ് കവർന്നത് 400 ഓളം തൊഴിലാളികളെ. കോവിഡ് മൂലം ജീവനക്കാരെ നഷ്ടപ്പെടുന്നത് വ്യാപകമായതിന് പിന്നാലെ വാക്സിൻ വിതരണത്തിൽ തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്ന് കമ്പനി അധികൃതർ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.
259,000 ആളുകളാണ് കോൾ ഇന്ത്യയിൽ ജോലി ചെയ്യുന്നത്. ഇതിൽ 64,000 ജീവനക്കാർക്ക് മാത്രമാണിതുവരെ പ്രതിരോധ കുത്തിവയ്പ് ലഭിച്ചിട്ടുള്ളത്. ബാക്കിയുള്ള തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്സിൻ വിതരണം ചെയ്യാൻ പത്തുലക്ഷം വാക്സിൻ ഡോസുകൾ ലഭ്യമാക്കണമെന്നാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും ഉൾക്കൊള്ളിച്ചുള്ള പ്രതിരോധ കുത്തിവയ്പ്പ് കാമ്പുകൾ നടപ്പാക്കിയാൽ മാത്രമെ തൊഴിലാളികളെ കോവിഡിൽ നിന്ന് രക്ഷിക്കാൻ കഴിയുകയുള്ളുവെന്ന് പ്രമുഖ യൂണിയനുകളിലൊന്നായ അഖിൽ ഭാരതീയ ഖദാൻ മസ്ദൂർ സംഘിെൻറ ജനറൽ സെക്രട്ടറി സുധീർ ഗുർഡെ പറഞ്ഞു.
കൽക്കരി ഖനി ജീവനക്കാർ കോവിഡ് മുൻനിരപ്രവർത്തകർക്ക് തുല്യമാണ്. രാജ്യം മുഴുവൻ അടച്ചിട്ടപ്പോഴും കോൾ കമ്പനി പ്രവർത്തിക്കുകയായിരുന്നു. ഫെബ്രുവരി പകുതിയോടെ ആരംഭിച്ച രണ്ടാം തരംഗത്തിൽ മരണ സംഖ്യ വർധിച്ചപ്പോഴും ഖനികളുടെ പ്രവർത്തനം നിലച്ചില്ല. രണ്ടാം തരംഗത്തിലാണ് കൂടുതൽ ജീവനക്കാരെ കമ്പനിക്ക് നഷ്ടമായത്. താൽക്കാലികമായി ഡോക്ടർമാരെ നിയമിക്കുകയും ഓക്സിജൻ സൗകര്യങ്ങൾ ആശുപത്രിയിൽ ഒരുക്കുകയും ചെയ്തിരുന്നു. 6,000 തൊഴിലാളികളെ കോവിഡ് ബാധിച്ചെന്നും ഇപ്പോഴും ആയിരത്തിലധികം പേർ ചികിത്സയിലാണെന്നും കമ്പനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.