വിഷപ്പുകക്കു ശേഷം ശീത തരംഗം: തണുത്ത് മരവിച്ച് ഡൽഹി

ന്യൂഡൽഹി: ഒക്ടോബർ- നവംബർ മാസങ്ങളിലെ കടുത്ത അന്തരീക്ഷ മലിനീകരണത്തിൽ നിന്നും മുക്തമാകുന്നതിനു മുമ്പ് ശീത തരംഗത്തിൽ തണുത്ത് മരവിച്ച് ഡൽഹി. തീവ്രമായ തണുപ്പിനിടയിൽ, പ്രതികൂല കാലാവസ്ഥയും കാറ്റിന്റെ വേഗതയും കാരണം തിങ്കളാഴ്ച ഡൽഹിയിലെയും പരിസര പ്രദേശങ്ങളിലെയും വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് ഉയർന്നു. വരുംദിവസങ്ങളിൽ മൂടൽമഞ്ഞിനൊപ്പം ശീത തരംഗത്തിൽ കൂടുതൽ തണുപ്പിന് ഡൽഹി സാക്ഷ്യം വഹിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

ശരാശരി കുറഞ്ഞ താപനില തുടർച്ചയായ രണ്ടാം ദിവസവും അഞ്ചു ഡിഗ്രി സെൽഷ്യസിനു താഴെയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് തിങ്കളാഴ്ച പുലർച്ചെ 5.30ന് തലസ്ഥാനത്ത് ഏറ്റവും കുറഞ്ഞ താപനില 4.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഡൽഹിയിലെ ചില പ്രദേശങ്ങളിൽ താപനില 4.5 ഡിഗ്രി സെൽഷ്യസിനും താഴെയായി.

നജഫ്ഗഡിൽ കുറഞ്ഞ താപനില 6.2 ഡിഗ്രി സെൽഷ്യസായിരുന്നു. നേരത്തെ ഡിസംബർ 15ന് ഡൽഹി-എൻ.സി.ആറിലും കുറഞ്ഞ താപനില 4.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിരുന്നു. വരും ദിവസങ്ങളിൽ, ശാന്തമായ കാറ്റും ഉയർന്ന ആർദ്രതയും കാരണം വിവിധ ഭാഗങ്ങളിൽ കുറഞ്ഞ മൂടൽമഞ്ഞിനൊപ്പം ശീത തരംഗത്തിൽ കൂടുതൽ വർധനക്ക് ഡൽഹി സാക്ഷ്യം വഹിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

ജമ്മു-കശ്മീർ, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് ശീത തരംഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ കണക്കനുസരിച്ച്, ഡൽഹിയിലെ വായു ഗുണനിലവാര സൂചിക തിങ്കളാഴ്ച പുലർച്ചെ നാലിന് 334 ആയി രേഖപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരത്തോടെ വായു ഗുണനിലവാരം ‘വളരെ മോശം’ എന്ന നിരക്ക് രേഖപ്പെടുത്തി. 

Tags:    
News Summary - Cold wave after toxic smoke: Delhi freezes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.