ന്യൂഡൽഹി: രാജ്യത്തെ ഉയർന്ന കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനത്തിന്റെ പ്രവർത്തനത്തെ ന്യായീകരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കൊളീജിയം സംവിധാനം സുതാര്യമല്ലെന്ന് പറയുന്നത് ശരിയല്ലെന്നും സുതാര്യത ഉറപ്പുവരുത്താൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരുടെ നിയമന പ്രക്രിയയിൽ വസ്തുനിഷ്ഠത നിലനിർത്തുന്നുണ്ട്. സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരെ നിയമിക്കുമ്പോൾ ഹൈകോടതികളിലെ സിറ്റിങ് ജഡ്ജിമാരുടെ ഔദ്യോഗിക ജീവിതമാണ് പരിഗണിക്കുന്നത്. അതുകൊണ്ട് കൊളീജിയം സംവിധാനത്തിൽ നടക്കുന്ന ചർച്ചകൾ പൊതുജനങ്ങളുമായി പങ്കുവെക്കാൻ കഴിയില്ല. ജഡ്ജിമാരുടെ നിയമനത്തിനുമുമ്പ് ആവശ്യമായ കൂടിയാലോചനകൾ നടത്തുന്നുണ്ടെന്ന് നിരവധി കാലത്തെ അനുഭവംകൊണ്ട് തനിക്ക് ഉറപ്പുതരാൻ കഴിയുമെന്നും ചന്ദ്രചൂഡ് പറഞ്ഞു.
ന്യൂഡൽഹി: വിധിയുടെ പരിണിതഫലങ്ങൾ വ്യക്തിപരമായി എടുക്കില്ലെന്നും തനിക്ക് ഒരു തരത്തിലുള്ള പശ്ചാത്താപവുമില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കേസ് വിധിക്കുന്നത് ഭരണഘടനയും നിയമവും നോക്കിയാണെന്ന് ജമ്മു-കശ്മീർ വിധിയിലെ വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയത് ഭരണഘടനാപരമായ വഞ്ചനയും നിയമപരമായി തെറ്റുമാണെന്ന് രാജ്യത്തെ ഏറ്റവും മുതിർന്ന ഭരണഘടന വിദഗ്ധൻ ഫാലി എസ്. നരിമാൻ അടക്കമുള്ളവർ വിമർശിച്ചതിനോട് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘‘കോടതി വിധി പൊതുസ്വത്താണ്. സ്വതന്ത്ര സമൂഹത്തിൽ ജനത്തിന് അതേക്കുറിച്ച് അഭിപ്രായം പറയാം. തങ്ങൾക്ക് പറയാനുള്ളത് വിധിപ്രസ്താവത്തിൽ പറഞ്ഞുകഴിഞ്ഞു. വിധിക്കെതിരായ വിമർശനത്തോട് പ്രതികരിക്കുന്നത് ഉചിതമാണെന്നു കരുതുന്നില്ല. ഒരു കേസ് തീരുമാനമാക്കിക്കഴിഞ്ഞാൽ പിന്നെ അത് വിട്ടേക്കണം’’ -ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.