ന്യൂഡൽഹി: കോൺഗ്രസ് എം.എൽ.എ സുഖ്പാൽ സിങ് ഖൈറയുടെ അറസ്റ്റ് പഞ്ചാബ് സർക്കാറിന്‍റെ പ്രതികാര രാഷ്ട്രീയമെന്ന് കോൺഗ്രസ്. പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് എ.എ.പി സർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
"അഖിലേന്ത്യ കിസാൻ കോൺഗ്രസ് ചെയർമാൻ സുഖ്പാൽ ഖൈറയുടെ അറസ്റ്റ് അധികാര ദുർവിനിയോഗത്തിന്‍റെയും പ്രതികാര നടപടിയുടെയും തെളിവാണ്. അനീതിക്കെതിരെയുള്ള ഉച്ചത്തിലുള്ള ശബ്ദം അടിച്ചമർത്താനുള്ള ശ്രമത്തിനെതിരായി കോൺഗ്രസ് അദ്ദേഹത്തോടൊപ്പം നിൽക്കുന്നു. ഞങ്ങൾ തലകുനിക്കാൻ തയാറല്ല, നിർത്താൻ തയാറല്ല, ഞങ്ങൾ പോരാടി വിജയിക്കും" -കോൺഗ്രസ് എക്സിൽ കുറിച്ചു.
പഞ്ചാബ് സർക്കാറിന്‍റെ പ്രതികാര രാഷ്ട്രീയത്തിന്‍റെയും പ്രതിപക്ഷ ശബ്ദത്തെ അടിച്ചമർത്തുന്നതിന്‍റെയും തെളിവാണ് സുഖ്പാൽ ഖൈറയുടെ അറസ്റ്റെന്നും ഇത് തെറ്റായ നടപടിയാണെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ആരോപിച്ചു.
എട്ട് വർഷത്തിന് ശേഷം ഖൈറയുടെ അറസ്റ്റിലേക്ക് എത്താൻ പഞ്ചാബ് പൊലീസ് എന്ത് തരത്തിലുള്ള അന്വേഷണമാണ് നടത്തിയതെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാരിങ് നടപടിയെ വിമർശിച്ചുകൊണ്ട് പറഞ്ഞു. ഇത് പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്‍റെ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
ബുധനാഴ്ചയാണ് കോൺഗ്രസ് എം.എൽ.എയായ സുഖ്പാൽ സിങ് ഖൈറയെ ലഹരി കേസിൽ അറസ്റ്റ് ചെയ്തത്. ബോലത് മണ്ഡലത്തിലെ എം.എൽ.എയായ ഖൈറയെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം കേസ് മുമ്പ് തന്നെ സുപ്രീംകോടതി റദ്ദാക്കിയതാണെന്നാണ് ഖൈറ പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.