തെരഞ്ഞെടുപ്പു പ്രചാരണത്തിെൻറ അവസാന ദിവസമായിട്ടും അമേത്തി നഗര പഞ്ചായത്ത് കാര്യാലയത്തോടു ചേർന്ന കോൺഗ്രസ് ഒാഫിസ് വളപ്പിൽ ഒച്ചയനക്കം ഉണ്ടായിരുന്നില്ല. സ്ഥാനാർഥിയും പാർട്ടി അധ്യക്ഷനുമായ രാഹുൽ ഗാന്ധി, സഹോദരിയും എ.െഎ.സി.സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി എന്നിവർ മണ്ഡലത്തിൽ പരിപാടിക്ക് എത്തുന്ന ദിവസമാണ്. അതിെൻറ ഉഷാറൊന്നും കാണാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഒാഫിസ് ചുമതലക്കാരനായ ചെറുപ്പക്കാരെൻറ അമർഷം നുരഞ്ഞുപൊന്തി. ‘ഇവിടെ ഇങ്ങനെയൊക്കെയാണ്’ എന്ന മുഖവുരയോടെ അയാൾ വാചാലനായി.
‘‘സ്ലിപ് വിതരണം പോലും നടക്കുന്നില്ല. കാര്യങ്ങൾ മുന്നോട്ടുനീങ്ങണമെങ്കിൽ പണം വേണം. പോസ്റ്ററൊട്ടിക്കാനും പാർട്ടി കാര്യങ്ങൾക്കുമൊക്കെ ഒാടുന്നവർക്ക് ഭക്ഷണച്ചെലവു കൊടുക്കാൻ തന്നെ ഞെരുക്കം. 15 കി.മീറ്റർ അകലെ ഗൗരിഗഞ്ചിലെ ഒാഫിസിൽ കുറെക്കൂടി കാര്യങ്ങൾ ഭേദമാണ്. പേക്ഷ, ഒന്നിനും ഒരു ഉഷാറില്ല. അമേത്തിക്കാർ കാലങ്ങളായി കോൺഗ്രസിനൊപ്പം നിൽക്കുന്നവരാണ്. അതുകൊണ്ട് രാഹുൽ ഗാന്ധി ജയിക്കും. എന്നാലും, അപ്പുറത്തേക്ക് േനാക്കേണ്ടേ? ബി.ജെ.പിക്കാർക്ക് പണമുണ്ട്. പുറത്തുനിന്ന് വന്ന് പ്രവർത്തിക്കാൻ ആളുകളുണ്ട്. ഒാളം മുഴുവൻ അവിടെയാണ്.
ഇതുകണ്ടാൽ പാർട്ടിയുടെ അവസ്ഥയെക്കുറിച്ച് കോൺഗ്രസുകാർക്കുപോലും സംശയം തോന്നിപ്പോകും. പിന്തുണക്കുന്നതല്ലാതെ ബി.എസ്.പിയും സമാജ്വാദി പാർട്ടിയും സഹായിക്കുന്നില്ല.’’ ചെറുപ്പക്കാരൻ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. അടുത്തിരുന്ന രണ്ടുമൂന്ന് നേതാക്കൾ തലകുലുക്കി. സംഗതി ശരിയാണ്.അമേത്തിയിൽ ബി.ജെ.പി ഒരുക്കുന്ന ഒാളം വെച്ചുനോക്കിയാൽ ഇക്കുറി ജയിക്കേണ്ടത് സ്മൃതി ഇറാനിയാണ്. നഗരത്തിലെങ്ങും കോൺഗ്രസിെൻറ ത്രിവർണ പതാകയെ മുക്കുന്ന വിധം ബി.ജെ.പിയുടെ കൊടിതോരണങ്ങൾ; പോസ്റ്ററുകൾ. പ്രചാരണത്തിെൻറ സമാപന ദിവസം അമേത്തി ബി.ജെ.പി കൊഴുപ്പിച്ചു. സ്ഥാനാർഥിക്കൊപ്പം വിപുലമായ റോഡ്ഷോ നടത്താൻ പാർട്ടി അധ്യക്ഷൻ അമിത് ഷാ തന്നെ പറന്നിറങ്ങി. പണക്കൊഴുപ്പിൽ ഒന്നിനും ഒരു കുറവില്ല. ദേവിപത്താൻ മന്ദിർ വരെ നീളുന്ന റോഡ് ഷോക്ക് ഒേട്ടറെ വാഹനങ്ങളുടെ അകമ്പടിയോടെ രാംലീല മൈതാനത്തേക്ക് അമിത്ഷാ എത്തിയപ്പോൾ പുഷ്പവൃഷ്ടിയോടെ സ്വീകരണം. ചെറുപ്പക്കാരുടെ തലയിൽ താമര ചിഹ്നമുള്ള കാവിത്തൊപ്പികൾ. സ്ത്രീകൾക്ക് കാവി ഷാൾ. ആയിരത്തോളം വരുന്ന കൊടികെട്ടിയ ഇരുചക്ര വാഹനങ്ങൾ. തലങ്ങും വിലങ്ങും കൊടിതോരണങ്ങൾ. നല്ല പണക്കൊഴുപ്പ്.
ഒക്കെ ഇറക്കുമതിയാണെന്ന് ഉന്തുവണ്ടിയിൽ പഴം വിൽക്കുന്ന മധ്യവയസ്കെൻറ സാക്ഷ്യം. എന്നിട്ട് അയാൾ കുേറ ദൂരെ മാറി നിരനിരയായി നിർത്തിയിരിക്കുന്ന ബസുകളിലേക്ക് കൈ ചൂണ്ടി. 250 കി.മീറ്റർ വരെ ദൂരെയുള്ള സ്ഥലങ്ങളുടെ പേരെഴുതിയ ബസുകൾ. ലഖ്നോ, സീതാപുർ, ബഹ്റൈച്ച്, ഫൈസാബാദ് എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള ബസുകളുണ്ട്. അമേത്തിക്കാരല്ല, പുറത്തു നിന്നുള്ളവരാണ് റോഡ്ഷോയുടെ ആവേശവും പുരുഷാരവും പെരുപ്പിക്കുന്നത്. അവർക്കെല്ലാം ‘ഭാരത് മാതാ കീ ജയ്’ വിളിച്ചുകൊടുത്ത് ബലിദാനികളെ ഒാർമിപ്പിച്ച്, ജമന്തിപ്പൂമാലകൾ എറിഞ്ഞുകൊടുത്ത്, തീവ്രദേശീയത പ്രമേയമാക്കി അമിത് ഷാ റോഡ്ഷോ നയിച്ചു.
അനാരോഗ്യം കാരണം റായ്ബറേലിയിൽ പേരിന് രണ്ടുവട്ടം മാത്രമെത്തിയ സ്ഥാനാർഥി സോണിയ ഗാന്ധിക്കുവേണ്ടി പ്രചാരണ സമാപനത്തിന് പ്രിയങ്കയാണ് ജയ്സിൽ റോഡ്േഷാ നടത്തിയത്. അമിത്ഷായുടെ റോഡ് ഷോയുമായി അതിന് താരതമ്യമില്ല. അതല്ലാതെ കാര്യമായ ഒാളമൊന്നും റായ്ബറേലിയിൽ കോൺഗ്രസ് സൃഷ്ടിച്ചില്ല. സോണിയ ജയിക്കുമെന്ന ഉറച്ചവിശ്വാസമാണ് അവിടെ കോൺഗ്രസുകാരെ സംരക്ഷിക്കുന്നത്. പലവട്ടം പ്രിയങ്ക റായ്ബറേലിയിൽ പ്രചാരണം നടത്തിയതിെൻറ ഉൗർജവുമുണ്ട്. ഉച്ചക്കു മുമ്പ് റോഡ്ഷോ പൂർത്തിയാക്കി രാഹുലിനൊപ്പം അമേത്തിയിലെ പ്രചാരണ പരിപാടിയിൽ പെങ്കടുക്കാനും പ്രിയങ്ക എത്തി. സ്ത്രീ വോട്ട് ഉന്നംവെച്ചാണ് അമേത്തിയിലെ പ്രചാരണ സമാപനദിനത്തിൽ രാഹുൽ നീങ്ങിയത്. കോർവയിൽ മഹിള കോൺഗ്രസ് പ്രവർത്തകരുടെ സമ്മേളനം എന്ന പേരിലാണ് അത് സംഘടിപ്പിച്ചത്.
രാഹുലും പ്രിയങ്കയും എത്തുന്നതിനു മുേമ്പ കോർവ മൈതാനം അയ്യായിരത്തോളം വനിതകളെക്കൊണ്ട് നിറച്ചിരുന്നു. വടക്കേന്ത്യൻ പൊരിവെയിലിൽ മൈതാനത്ത് കെട്ടിയ തുണിപ്പന്തലിനു താഴെയിരുന്നു പുഴുങ്ങിയ സ്ത്രീകളെ സമാധാനിപ്പിക്കാൻ കോൺഗ്രസ് വിതരണം ചെയ്തത് വിശറിയാണ്. അതുതന്നെ കിട്ടാതെ വന്നവരെ രാഹുൽ ഭയ്യയും പ്രിയങ്ക ദീദിയും ഉടനെത്തുമെന്നു പറഞ്ഞ് മഹിള കോൺഗ്രസ് അധ്യക്ഷ സുസ്മിത ദേവും വനിത നേതൃസംഘവും സമാശ്വസിപ്പിച്ചു. വിശറിയും പ്രചാരണായുധമാണ്. അതിൽ സോണിയ, രാഹുൽ, പ്രിയങ്കമാരുടെ ചിത്രമുണ്ട്. വിശറി വീശി, ഉഷ്ണം കാര്യമാക്കാതെ കാത്തിരുന്ന സ്ത്രീകൾക്കിടയിലേക്ക് കടന്നുവന്ന രാഹുലും പ്രിയങ്കയും പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ ഉൗന്നിപ്പറഞ്ഞു. ബി.ജെ.പിയുടെ വാഗ്ദാന ലംഘനങ്ങൾ എണ്ണിപ്പറഞ്ഞു.
അമേത്തിക്കൊരു പ്രധാനമന്ത്രി ഉണ്ടാകാൻ രാഹുലിനെ ജയിപ്പിക്കണമെന്ന ഒാർമപ്പെടുത്തലാണ് വനിതകളോട് സംഘാടകർക്ക് പറയാനുണ്ടായിരുന്നത്. ‘ബഹത്തർ ഹസാർ ഇസ് ബാർ’ (ഇക്കുറി 72,000 രൂപ) എന്ന മുദ്രാവാക്യവും മുഴങ്ങി. പരമ്പരാഗതമായി നെഹ്റു കുടുംബത്തെ വിജയിപ്പിക്കുന്ന അമേത്തിയിലെ ആ വനിത പ്രവർത്തകർ ഇന്ദിരമുഖിയായ പ്രിയങ്കയെ സാകൂതം നോക്കിയിരുന്നു. രാഹുലിെൻറ വാക്കുകൾക്ക് കാതോർത്തു. പൊരിവെയിലത്തെ യോഗം ഏറെ നീട്ടാതെ അവസാനിപ്പിക്കുേമ്പാൾ, അവരിൽ ചിലർക്കൊപ്പം സെൽഫിക്ക് നിന്നു കൊടുക്കാനും ചിലരെ വേദിയിലേക്ക് വിളിച്ചിരുത്തി കുശലം പറയാനും രാഹുലും പ്രിയങ്കയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യു.പിയിൽ ബി.ജെ.പി നടത്തുന്ന കാടിളക്കി പ്രചാരണത്തിെൻറയും പണക്കൊഴുപ്പിെൻറയും കോൺഗ്രസിെൻറ സംഘടന ദൗർബല്യത്തിെൻറയും നേർചിത്രമാണ് അമേത്തിയിലെ പ്രചാരണ സമാപനം എടുത്തുകാട്ടുന്നത്. അമേത്തിയിലോ റായ്ബറേലിയിലോ കോൺഗ്രസിനെ പരിക്കേൽപിക്കാൻ ബി.ജെ.പിക്ക് സാധിച്ചെന്നുവരില്ല. എന്നാൽ, ദുർബല പ്രചാരണത്തിനിടയിൽ, അനുകൂല ചിന്താഗതിക്കാരെ ചേർത്തുനിർത്തുകയെന്ന വെല്ലുവിളിയോടു പൊരുതുകയാണ് മറ്റിടങ്ങളിൽ കോൺഗ്രസ്. വാശി കാട്ടുന്നത് 10ൽ താഴെ മണ്ഡലങ്ങളിൽ മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.