ബംഗളൂരു: കോൺഗ്രസ് അധികാരത്തിൽ വന്നാൽ കലാപങ്ങൾ കാരണം കർണാടക പ്രയാസപ്പെടുമെന്ന കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ കോൺഗ്രസ് പൊലീസിൽ പരാതി നൽകി. ബെളഗാവിയിൽ കഴിഞ്ഞദിവസം ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഷായുടെ വിവാദ പരാമർശം.
യോഗം സംഘടിപ്പിച്ച ബി.ജെ.പി നേതാക്കൾക്കെതിരെയും അമിത് ഷാക്കെതിരെയുമാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാർ, നേതാക്കളായ രൺദീപ് സിങ് സുർജേവാല, ഡോ. പരമേശ്വര എന്നിവർ ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രസ്താവന പ്രകോപനപരവും ശത്രുതയും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്നതും വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതുമാണെന്നാണ് പരാതി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പേരിൽ അമിത് ഷാ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് അബദ്ധത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ അഴിമതിയും ആധിപത്യ രാഷ്ട്രീയവും എക്കാലത്തെയും ഉയരത്തിലാകും. അതോടെ സംസ്ഥാനത്തിന്റെ വികസനം റിവേഴ്സ് ഗിയറിലാകും, കലാപങ്ങൾ വർധിക്കും.
നിങ്ങൾ ജെ.ഡി.എസിനു വോട്ട് നൽകിയാലും കോൺഗ്രസിന് വോട്ട് കൊടുക്കുന്നതു പോലെയാണെന്നും ഷാ പറഞ്ഞിരുന്നു. മേയ് 10നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. 13ന് വോട്ടെണ്ണലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.