ജമ്മു: ഒരു പതിറ്റാണ്ടിനിടയിൽ കോൺഗ്രസ് വല്ലാതെ മെലിഞ്ഞെന്നും പുതിയ തലമുറ നേതാക്കളുമായുള്ള അടുപ്പം ഉറപ്പുവരുത്താൻ ശ്രമം വേണമെന്നും കോൺഗ്രസിൽ വിമത ശബ്ദമയുയർത്തിയ നേതാക്കൾ. താഴെത്തട്ടിലെ പ്രവർത്തകരുമായുള്ള ബന്ധം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യം പ്രഖ്യാപിച്ച് ജമ്മുവിൽ ശനിയാഴ്ച നടത്തിയ 'ശാന്തി സമ്മേളന'ത്തിലാണ് നേതൃസംഘം ആവശ്യം മുന്നോട്ടുവെച്ചത്.
പാർലമെൻറിൽ നിന്ന് വിരമിക്കാൻ ഗുലാം നബി ആസാദിനെ അനുവദിക്കാനുള്ള പാർട്ടി തീരുമാനം ഏറെ ദുഃഖിപ്പിച്ചതായി കപിൽ സിബൽ പറഞ്ഞു. ഗുലാം നബിയുടെ അനുഭവത്തഴക്കം കോൺഗ്രസ് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കേണ്ടിയിരുന്നു. ഓരോ സംസ്ഥാനത്തെയും കോൺഗ്രസിെൻറ യാഥാർഥ്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്ന നേതാവാണ് ഗുലാം നബി. എന്തുകൊണ്ടാണ് അദ്ദേഹത്തിെൻറ പ്രായോഗിക പരിചയം കോൺഗ്രസ് ഉപയോഗപ്പെടുത്താത്തത് എന്ന് മനസ്സിലാവുന്നില്ല. പാർട്ടി നേരിടുന്ന വിഷയങ്ങൾ മുൻനിർത്തിയാണ് ജമ്മു സമ്മേളനമെന്ന് കപിൽ സിബൽ പറഞ്ഞു. കോൺഗ്രസ് ദുർബലമായിരിക്കുന്നു. അതുകൊണ്ടാണ് ഇവിടെ ഒത്തു കൂടിയിരിക്കുന്നത്. പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്.
തങ്ങളിലാരും ജനൽവഴി ചാടിക്കടന്ന് പാർട്ടിയിൽ എത്തിയതല്ലെന്നായിരുന്നു ആനന്ദ് ശർമയുടെ ഓർമപ്പെടുത്തൽ. പടിവാതിലിലൂടെ തന്നെയാണ് കടന്നു വന്നത്. വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങൾ പിന്നിട്ടാണ് എത്തിയത്. ഇന്ന് എവിടെയാണോ, അവിടെയെത്താൻ ഒത്തിരി ദൂരം നടന്നിട്ടുണ്ട്.1950കൾക്കുശേഷം ജമ്മു-കശ്മീരിന് രാജ്യസഭയിൽ ഒരു പ്രതിനിധി ഇല്ലാതെ പോകുന്നത് ഇതാദ്യമാണെന്നും അതു തിരുത്തപ്പെടണമെന്നും ആനന്ദ് ശർമ പറഞ്ഞു. പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശബ്ദമുയർത്തുന്നത്. എല്ലായിടത്തും പാർട്ടി ശക്തിപ്പെടണം.
പുതിയ തലമുറക്ക് പാർട്ടിയുമായി ബന്ധം വേണം. കോൺഗ്രസിെൻറ നല്ല ദിനങ്ങൾ കണ്ടവരാണ് തങ്ങൾ. പ്രായം ചെല്ലുേമ്പാൾ അതു തളരുന്നതു കാണാൻ വയ്യ. കോൺഗ്രസിനെ രക്ഷിക്കും. തങ്ങൾ കോൺഗ്രസുകാരാണോ എന്ന് നിശ്ചയിക്കാനുള്ള അവകാശം ആർക്കും നൽകിയിട്ടില്ല. കോൺഗ്രസിെൻറ ഐക്യത്തിലും ശക്തിയിലുമാണ് വിശ്വാസമെന്ന് ആനന്ദ് ശർമ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.