ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം കോൺഗ്രസ് ഓഫീസ് വിജനം. ഡൽഹി കോർപ്പറേഷനിലേക്കുള്ള നിർണായക തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം ആയിരുന്നിട്ടും പൂട്ടിയ നിലയിലാണ് കോൺഗ്രസ് ഓഫീസ് ഉള്ളത്. നേതാക്കളോ പ്രവർത്തകരോ ഓഫീസിലേക്ക് എത്തിയില്ല.
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയെ വിറപ്പിച്ച് എ.എ.പിയുടെ മുന്നേറ്റം. ആകെയുള്ള 250 സീറ്റിൽ എ.എ.പി 127 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ബി.ജെ.പി 108 സീറ്റിലാണ് മുന്നിട്ടുനിൽക്കുന്നത്. കോൺഗ്രസ് 11 സീറ്റിൽ ഒതുങ്ങി. 2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളിൽ 181 ഉം ബി.ജെ.പി സ്വന്തമാക്കിയിരുന്നു.
2017 ലെ തെരഞ്ഞെടുപ്പിൽ 270 വാർഡുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 181 എണ്ണത്തിൽ ബി.ജെ.പിയും 48 വാർഡുകളിൽ എ.എ.പിയും 27 സീറ്റുകളിൽ കോൺഗ്രസുമാണ് വിജയിച്ചത്. ഇത്തവണ ആകെ 1,349 സ്ഥാനാർഥികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയും എ.എ.പി.യും 250 വാർഡുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. കോൺഗ്രസിന് 247 സ്ഥാനാർഥികളും ബഹുജൻ സമാജ് പാർട്ടിക്ക് 132 സ്ഥാനാർഥികളുമാണുള്ളത്.
ഡിസംബർ 4 ന് നടന്ന തെരഞ്ഞെടുപ്പിൽ 50.48 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. വൈകീട്ട് മണിയോടെ വോട്ടെണ്ണൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വൻ വിജയം നേടുമെന്നാണ് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. 149 മുതൽ 171 വാർഡ് വരെ എ.എ.പി നേടുമെന്നാണ് പ്രവചനം.15 വർഷമായി മുനിസിപ്പൽ കോർപറേഷനുകൾ ബി.ജെ.പിയാണ് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.