ന്യൂഡൽഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യവും അവസാനവും പുറത്തുവിട്ട വോട്ടുകണക്കുകളിൽ ഉണ്ടായ വ്യത്യാസത്തിൽ വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. ആദ്യം കമീഷൻ നൽകിയ കണക്കിനേക്കാൾ അവസാന കണക്കിൽ ഗണ്യമായ വോട്ടുവർധനവുണ്ടായ 79 സീറ്റുകൾ ബി.ജെ.പി നേടിയത് വോട്ടുകണക്കിൽ കൃത്രിമം കാണിച്ചാണെന്ന് ആരോപിച്ചാണ് കോൺഗ്രസിന്റെ ഈ നീക്കം.
കമീഷൻ ആദ്യവും അവസാനവും പറഞ്ഞ മൊത്തം വോട്ടുകണക്കിൽ അഞ്ചുകോടി വോട്ടുകളുടെ (ശരാശരി 4.7 ശതമാനം) വ്യത്യാസമുണ്ടെന്ന് പാർട്ടി നേതാവ് സന്ദീപ് ദീക്ഷിത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബി.ജെ.പിയും സഖ്യകക്ഷികളും അപ്രതീക്ഷിതമായി തൂത്തുവാരിയ ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വോട്ടുകണക്കിലെ വ്യത്യാസം 12.5 ശതമാനം വരെയാണ്. ഇത്രയും വലിയ വ്യത്യാസമുണ്ടായത് എങ്ങനെയെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കണം. കണക്കിൽ ഒരു ശതമാനം വരെയൊക്കെ വ്യത്യാസം മനസ്സിലാക്കാമെങ്കിലും ലക്ഷദ്വീപിൽ ഇത് 25 ശതമാനം വരെ ആയതെങ്ങനെയാണ്? 2019ൽ ഈ വ്യത്യാസം കേവലം ഒരു ശതമാനം മാത്രമായിരുന്നു.
ആദ്യഘട്ട വോട്ടെടുപ്പിലെ അവസാന വോട്ടുകണക്ക് പുറത്തുവിടാൻ 11 ദിവസം എടുത്ത കമീഷൻ രണ്ടാം ഘട്ടത്തിൽ ആറുനാളും തുടർന്നുള്ള ഘട്ടങ്ങളിൽ നാലും അഞ്ചും ദിവസങ്ങളുമെടുത്തു. സാങ്കേതിക വിദ്യയുടെ ആധുനിക കാലത്ത് പോൾ ചെയ്ത വോട്ടുകളുടെ അവസാന കണക്ക് ക്രോഡീകരിക്കാൻ കമീഷൻ അനവധി ദിവസങ്ങൾ എടുത്തതിൽ സന്ദീപ് അത്ഭുതം പ്രകടിപ്പിച്ചു.
കമീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുക മാത്രമല്ല, മൊത്തം തെരഞ്ഞെടുപ്പ് പ്രക്രിയയിൽ തന്നെ സംശയം സൃഷ്ടിക്കുന്നതാണിത്. ഈ വിഷയത്തിൽ തൃപ്തികരമായ വിശദീകരണം കമീഷൻ നൽകിയില്ലെങ്കിൽ അതിന് മുകളിലുള്ള സ്ഥാപനങ്ങളെ സമീപിക്കുമെന്നും സന്ദീപ് ദീക്ഷിത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.