ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ പ്രതിപക്ഷത്തിന്‍റെ പൊതുസമ്മത സ്ഥാനാർഥിക്കുള്ള ചർച്ചയുമായി കോൺഗ്രസ് രംഗത്ത്. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെയാണ് പ്രതിപക്ഷ പാർട്ടികളുമായുള്ള ചർച്ചക്ക് നേതൃത്വം നൽകുന്നത്. വിഷയം ചർച്ച ചെയ്യാനുള്ള സംയുക്ത യോഗത്തിന് മുമ്പ് യോജിച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് പ്രതിപക്ഷ പാർട്ടികൾ.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ തീരുമാനിച്ചത് പോലെ പാർട്ടിക്ക് പുറത്ത് നിന്നുള്ള പൊതുസമ്മത സ്ഥാനാർഥിയെ പിന്തുണക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. ഈ വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗമാകും അന്തിമ തീരുമാനം സ്വീകരിക്കുക.
നേരത്തെ, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സ്ഥാനാർഥിയായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയാണ് മത്സരിക്കുന്നത്. ദ്രൗപതി മുർമുവാണ് എൻ.ഡി.എയുടെ സ്ഥാനാർഥി.
ആഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ജൂലൈ 19നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പത്രികയുടെ സൂക്ഷ്മ പരിശോധന 20ന് പൂർത്തിയാവും. 22വരെയാണ് പിൻവലിക്കാനുള്ള സമയം. നിലവിൽ ഉപരാഷ്ട്രപതിയായ എം. വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് 10ന് അവസാനിക്കും. ആഗസ്റ്റ് 11ന് പുതിയ ഉപരാഷ്ട്രപതി സ്ഥാനമേൽക്കും.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് തെരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കമുണ്ട്. എന്നാൽ, നിലവിൽ ഒരു പാർട്ടിയും ഇതുവരെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇരു സഭകളിലുമായി 788 അംഗങ്ങൾ രഹസ്യ ബാലറ്റിലൂടെയാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. ഇദ്ദേഹം തന്നെയാണ് രാജ്യസഭയിലെ അധ്യക്ഷനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.