മോദിയെ വിമർശിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിക്ക് സസ്​പെൻഷൻ

മോദിയെ വിമർശിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരിക്ക് സസ്​പെൻഷൻ

ന്യൂഡൽഹി: മോദിയെ വിമർശിച്ച കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയെ ലോക്സഭയിൽ നിന്നും സസ്​പെൻഡ് ചെയ്തു. പാർലമെന്റ് നടപടി ക്രമത്തിനിടെയുണ്ടായ മോശം പെരുമാറ്റത്തിനാണ് സസ്​പെൻഷൻ. ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷി അദ്ദേഹത്തിനെതിരെ പ്രമേയം കൊണ്ടു വന്നിരുന്നു.

പ്രിവിലേജ് കമ്മിറ്റിയുടെ റിപ്പോർട്ട് വരുന്നത് വരെ ചൗധരിയുടെ സസ്​പെൻഷൻ തുടരും. ചൗധരി നിരന്തരമായി പാർലമെന്റ് നടപടികൾ തടസപ്പെടുത്തുകയാണെന്നും രാജ്യത്തിന്റെ പ്രതിഛായ തകർക്കുകയാണെന്നും പ്രഹ്ലാദ് ജോഷി ആരോപിച്ചിരുന്നു.

'ഇത്തരം പ്രവണത അദ്ദേഹത്തിന്റെ പതിവായി മാറിയിട്ടുണ്ട്. നിരവധി തവണ മുന്നറിയിപ്പ് നൽകിയെങ്കിലും അതിൽ നിന്നും മാറാൻ അദ്ദേഹം തയാറായിട്ടില്ല. ചർച്ചകളിൽ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്ന അദ്ദേഹം ഖേദം പ്രകടിപ്പിക്കാൻ തയാറായിട്ടില്ല​'- പ്രഹ്ലാദ് ജോഷി പ്രമേയത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിൽ അമിത് ഷാ സംസാരിക്കുമ്പോൾ ഇത്തരത്തിൽ അദ്ദേഹം പെരുമാറിയെന്നും ജോഷി ആരോപിക്കുന്നു.

ലോക്സഭയിൽ മോദിക്കെതിരെ അധിർ രഞ്ജൻ ചൗധരി ഇന്നും രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ധൃതരാഷ്ട്രർക്ക് അന്ധത ബാധിച്ച സമയത്താണ് പാഞ്ചാലി വസ്ത്രാക്ഷേപം നടന്നത്. രാജാവ് അന്ധനായാൽ ഹസ്തിനപുരിയിലും മണിപ്പൂരിലും ഇത് നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. മണിപ്പൂരിൽ ഓരോ ദിവസവും ഓരോ വിധവകൾ സൃഷ്ടിക്കപ്പെടുകയാണ്. മോദിക്ക് യുറോപ്യൻ പാർലമെന്റിൽ സ്വീകരണം ലഭിക്കുമ്പോൾ മണിപ്പൂർ വിഷയവും ഉയർന്നു വന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്റെ ശക്തികൊണ്ടാണ് മോദി ഇന്ന് സഭയിലെത്തിയതെന്നും ചൗധരി പറഞ്ഞു. ഞങ്ങളാരും അവിശ്വാസപ്രമേയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടത്. അതിൽ നിന്നും അദ്ദേഹം ഒഴിഞ്ഞ് മാറിയതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടു വന്നതെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞിരുന്നു.

Tags:    
News Summary - Congress's Adhir Chowdhury suspended from Lok Sabha for ‘unruly’ conduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.