ബംഗളൂരു: മുസ്ലിം പള്ളികളിലെ ബാങ്കുവിളി മറ്റുള്ളവരുടെ മതവിശ്വാസത്തെയോ അവകാശത്തെയോ ഹനിക്കുന്നില്ലെന്ന് കർണാടക ഹൈകോടതി. ഭരണഘടനയുടെ ആർട്ടിക്ൾ 25 മതപരമായ സഹിഷ്ണുത അടങ്ങിയതാണെന്ന് കോടതി നിരീക്ഷിച്ചു. ബാങ്കുവിളിക്കെതിരെ ആർ. ചന്ദ്രശേഖർ എന്നയാൾ നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി തിങ്കളാഴ്ച തീർപ്പാക്കിയത്. ആക്ടിങ് ചീഫ് ജസ്റ്റിസ് അലോക് ആരാധ്യ, ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ബാങ്കുവിളി മുസ്ലിംകളുടെ അവിഭാജ്യ മതകാര്യം ആണെങ്കിലും ഇതിലെ 'അല്ലാഹു അക്ബർ' (അല്ലാഹു വലിയവനാണ്) എന്നത് മറ്റുള്ളവരുടെ മതവിശ്വാസങ്ങളെ ബാധിക്കുമെന്നായിരുന്നു ഹരജിക്കാരന്റെ പ്രധാന വാദം. ഭരണഘടനയുടെ ആർട്ടിക്ൾ 25(1) അവരവരുടെ മതവിശ്വാസങ്ങൾ സ്വതന്ത്രമായി പാലിക്കാനും പ്രചരിപ്പിക്കാനും അവകാശം നൽകുന്നുണ്ട്.
ഇത് നിയന്ത്രണങ്ങളും പൊതുനിയമങ്ങളും പാലിച്ചാകണം. പ്രാർഥനക്ക് മുസ്ലിംകളെ ക്ഷണിക്കുന്നതാണ് ബാങ്കുവിളി. അത് അവരുടെ അവിഭാജ്യ ഘടകമാണെന്ന് പരാതിക്കാരൻതന്നെ സമ്മതിക്കുന്നുണ്ട്. അത് ഹരജിക്കാരന്റേയോ മറ്റുള്ളവരുടെയോ അടിസ്ഥാന അവകാശത്തെ ബാധിക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.
ഉച്ചഭാഷിണി അടക്കമുള്ള ശബ്ദസാമഗ്രികൾ രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉപയോഗിക്കരുതെന്ന ഹൈകോടതി വിധി പാലിക്കുന്നുവെന്ന് അധികൃതർ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.