ലഖ്നോ: മഹാകുംഭമേളയിൽ തിക്കിലും തിരക്കിലുംപെട്ട് 30 പേർ മരിക്കുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിക്കൂട്ടിലായി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലെ ഉത്തർപ്രദേശ് സർക്കാർ. ദുരന്തം നടന്ന് 16 മണിക്കൂറിന് ശേഷമാണ് മരിച്ചവരുടെ എണ്ണം ഭരണകൂടം വെളിപ്പെടുത്തിയത്. ദുരന്തത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങലിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
ദുരന്തത്തിന് പിന്നാലെ വി.വി.ഐ.പി പാസുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ് യു.പി സര്‍ക്കാര്‍. സ്ഥലത്ത് സമ്പൂര്‍ണ വാഹന നിരോധനം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. വി.വി.ഐ.പികള്‍ക്കായുള്ള ബാരിക്കേഡുകള്‍ സ്ഥാപിച്ചതാണ് തിരക്ക് വര്‍ധിക്കാനും ദുരന്തമുണ്ടാകാനും കാരണമായതെന്ന് വാര്‍ത്തകൾ വന്നിരുന്നു.
ദുരന്തത്തിൽ യോഗി സർക്കാറിനെതിരെ ഗുരുതര ആരോപണവുമായി സമാജ്‌വാദി പാർട്ടി എം.പി രാം ഗോപാൽ യാദവ് രംഗത്തെത്തി. സർക്കാർ കൃത്യമായ കണക്ക് നൽകുന്നില്ലെന്നും മരിച്ചവരുടെയും പരിക്കേറ്റവരുടെയും പേരും വിലാസവും സർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയം ലോക്‌സഭയിൽ ഉന്നയിക്കുമെന്നും രാം ഗോപാൽ യാദവ് പറഞ്ഞു.
ദുരന്തത്തിന്‍റെ ഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. മഹാകുംഭമേളയുമായി ബന്ധപ്പെട്ട് സർക്കാർ വലിയ പ്രചാരണം നടത്തിയെങ്കിലും ഒരുക്കിയ ക്രമീകരണങ്ങളും സൗകര്യങ്ങളും പരിമിതമായിരുന്നു. ദുരന്തത്തിലെ ഇരകളെ ഞങ്ങൾ സന്ദർശിച്ചാൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് സർക്കാർ പറയുക. ദുരന്തത്തെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും സർക്കാർ പങ്കുവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.