ഗ്യാൻവാപി പള്ളി: കമീഷണറുടെ റിപ്പോർട്ടിനുമുമ്പേ, മുദ്രവെക്കാൻ ഉത്തരവിടുന്നതെങ്ങനെ?

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിൽ സർവേ നടത്തിയ അഭിഭാഷക കമീഷണർമാർ റിപ്പോർട്ട് നൽകുന്നതിനുമുമ്പേ ശിവലിംഗം കണ്ടെത്തിയെന്ന് ഉറപ്പിക്കുകയും ആരും കടക്കാത്തവിധം ആ ഭാഗം മുദ്രവെക്കാൻ ഉത്തരവിടുകയും ചെയ്യുന്നതെങ്ങനെയെന്ന് സുപ്രീംകോടതിയിൽ ഹരജിക്കാർ. വാരാണസി സീനിയർ ഡിവിഷൻ സിവിൽ ജഡ്ജിയുടെ വിവാദനടപടി സുപ്രീംകോടതിയിൽ ഹരജിക്കാർ ചോദ്യംചെയ്തു. പ്രാദേശിക കോടതി ഉത്തരവ് പാസാക്കിയ രീതി സുപ്രീംകോടതി പരിശോധിക്കേണ്ടതുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

ആരാധനാലയ നിയമം നിഷ്കർഷിക്കുന്നവിധം തൽസ്ഥിതി തുടരേണ്ട സ്ഥാനത്താണ് പ്രാദേശിക കോടതി സർവേക്ക് ഉത്തരവിട്ടത്. അത് തടയണമെന്ന് ആവശ്യപ്പെട്ടാണ് പള്ളി മാനേജ്മെന്റ് കമ്മിറ്റി വെള്ളിയാഴ്ച സുപ്രീംകോടതിയിൽ എത്തിയത്. സർവേ തടഞ്ഞ് തൽസ്ഥിതി നിലനിർത്തണമെന്നായിരുന്നു അഭ്യർഥന. എന്നാൽ, ബന്ധപ്പെട്ട ഫയലുകളൊന്നും മുന്നിലില്ലെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞു. അന്ന് വൈകീട്ടുതന്നെ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ പരിഗണനക്ക് കേസ് വിടുകയും ചെയ്തു.

കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കമീഷണർക്ക് ബോധ്യമുണ്ടെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. ഹുസൈഫ അഹ്മദ് ചൂണ്ടിക്കാട്ടി. കമീഷണർ സർവേ റിപ്പോർട്ട് കോടതിക്ക് നൽകിയിട്ടില്ല. എന്നാൽ, കമീഷണർ ശിവലിംഗം കണ്ടെത്തിയെന്ന് പറഞ്ഞാണ് പ്രാദേശിക കോടതിയിലെ ഹരജിക്കാർ അടുത്ത കരുനീക്കം നടത്തിയത്. റിപ്പോർട്ട് നൽകും മുമ്പേ ഹരജിക്കാരുടെ പക്കൽ എങ്ങനെ വിവരമെത്തി? കോടതിക്ക് നൽകുന്നതുവരെ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കേണ്ട കമീഷണർ അങ്ങേയറ്റം അനുചിതമായാണ് പെരുമാറിയത്.

പ്രാദേശിക കോടതിയാകട്ടെ, നിർഭാഗ്യവശാൽ ഹരജിക്കാരുടെ അപേക്ഷ പരിഗണിക്കുക മാത്രമല്ല, ഇപ്പറയുന്ന സ്ഥലം മുദ്രവെക്കാൻ ഉത്തരവിടുകയും ചെയ്തു. കമീഷണർ എന്തോ കണ്ടുവെന്ന് ഹരജിക്കാർ പറഞ്ഞതുവെച്ചാണ് പള്ളിയിലേക്കുള്ള പ്രവേശനം പ്രാദേശിക കോടതി നിയന്ത്രിച്ചത്. ഇത് അന്യായമാണെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എതിർ കക്ഷികൾക്ക് ഒരു നോട്ടീസ് പോലും നൽകിയില്ല.

പള്ളിയിലെ ഏതെങ്കിലും ഭാഗം മുദ്രവെക്കാൻ എങ്ങനെ കഴിയും? തൽസ്ഥിതി നിലനിർത്തണമെന്ന ആരാധനാലയ നിയമത്തിന് വിരുദ്ധമായ കുറെ ഉത്തരവുകളാണ് ഉണ്ടായിരിക്കുന്നത്. അവ സ്റ്റേ ചെയ്യണം. മുദ്ര വെക്കുകയെന്നാൽ തൽസ്ഥിതി മാറ്റിമറിക്കുകയാണ്. അങ്ങനെ ചെയ്യാൻ പാടില്ലെന്ന് നിയമത്തിലെ മൂന്നാം വകുപ്പ് വ്യക്തമായി പറയുന്നുണ്ട്.

എന്നാൽ, ഒരു ശിവലിംഗം കണ്ടെത്തിയിട്ടുണ്ടെങ്കിൽ സന്തുലിത നില പാലിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. മുസ്‍ലിംകളുടെ പ്രാർഥന നിയന്ത്രിക്കാതെതന്നെ സ്ഥലം സംരക്ഷിക്കാൻ ജില്ല മജിസ്ട്രേറ്റിനോട് നിർദേശിക്കും -ജസ്റ്റിസ് ചന്ദ്രചൂഢ് പറഞ്ഞു.

എന്നാൽ, അത്തരമൊരു ഉത്തരവിന് ഉദ്ദേശിക്കാത്ത അനന്തരഫലങ്ങൾ ഉണ്ടായേക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. വുദു ടാങ്കിൽ ശിവലിംഗം കണ്ടുവെന്നാണ് പറയുന്നത്. അവിടം സംരക്ഷിക്കേണ്ടതുണ്ട്. അവിടെ ചെല്ലുന്ന ആരുടെയെങ്കിലും കാൽ തൊട്ടുപോയാൽ, ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാവുമെന്നും മേത്ത വാദിച്ചു.

Tags:    
News Summary - Court ordered sealing of Gyanvapi tank even before it has received survey commission’s report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.