ന്യൂഡൽഹി: 2019 ഡിസംബറിൽ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ നടന്ന സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന കോടതി, കേസ് ഫയൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ശ്രദ്ധയിൽപെടുത്താത്തതിന് ഡൽഹി പൊലീസിനോട് വിശദീകരണം തേടി. പബ്ലിക് പ്രോസിക്യൂട്ടർ വാദത്തിനൊരുങ്ങാൻ സാവകാശം തേടിയതോടെയാണ് കോടതിയുടെ നടപടി.
ജാമിഅ നഗർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കലാപം, മനഃപൂർവമായ നരഹത്യശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തുന്നത് സംബന്ധിച്ച് വാദംകേൾക്കുകയായിരുന്നു കോടതി. ഷർജീൽ ഇമാം, സഫൂറ സർഗർ, മുഹമ്മദ് ഇല്യാസ്, ബെലാൽ നദീം, ഷഹസർ റസ ഖാൻ, മഹമൂദ് അൻവർ, മുഹമ്മദ് കാസിം, ഉമൈർ അഹമ്മദ്, ചന്ദ യാദവ്, അബുസർ എന്നിവരാണ് കേസിലെ പ്രതികൾ.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചിട്ടും ഫയൽ എന്തുകൊണ്ട് അദ്ദേഹത്തിന്റെ നൽകിയില്ലെന്നതിന് വിശദീകരണം നൽകാൻ ഈ ഉത്തരവിന്റെ ഒരു പകർപ്പ് ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് ഡി.സി.പിക്ക് അയക്കാനും അടുത്ത വാദംകേൾക്കൽ തീയതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും അസിസ്റ്റന്റ് സെഷൻസ് ജഡ്ജി അരുൾ വർമ ശനിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ നിർദേശിച്ചു.സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ ആദ്യമായാണ് കേസിൽ ഹാജരാകുന്നതെന്നും കേസ് ഫയൽ അദ്ദേഹത്തിന് കൈമാറിയിട്ട് ഏറെനാളാകാത്തതിനാൽ സാവകാശം തേടിയതായും കോടതി അറിയിച്ചു.
2019 മുതൽ വിഷയം തീർപ്പാക്കാതെ കിടക്കുന്നു. 2021 ജൂൺ 26ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു, എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥനോ അസിസ്റ്റന്റ് പൊലീസ് കമീഷണറോ ഡെപ്യൂട്ടി പൊലീസ് കമീഷണറോ വിഷയം ശ്രദ്ധയിൽപെടുത്തിയില്ലെന്നത് ഗൗരവതരമാണ്- കോടതി പറഞ്ഞു.ഡിസംബർ 13ന് നടക്കുന്ന അടുത്ത വാദംകേൾക്കലിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ സഹായിക്കാൻ ഹാജരാകാൻ ഡി.സി.പി രാജേന്ദ്ര പ്രസാദ് മീണക്കും കോടതി നോട്ടീസ് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.