ന്യൂഡൽഹി: കോവിഡിൽ സാധാരണക്കാരായ ആളുകളുടെ ജീവിതം വഴിമുട്ടിയപ്പോൾ, അതെ കോവിഡിനെ ഉപയോഗിച്ച് കോടീശ്വരൻമാരായത് ഒമ്പത് മരുന്നുകമ്പനികളാണെന്ന് റിപ്പോർട്ട്.ലോകം ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന കാലത്ത് വാക്സിൻ വിറ്റ് ശതകോടീശ്വരൻമാരായവരുടെ വിവരങ്ങൾ പീപ്പിൾസ് വാക്സിൻ അലയൻസാണ് പുറത്ത് വിട്ടത്.
കോവിഡിലൂടെ ഇവരുടെ ആസ്തി 19.3 ബില്യൺ ഡോളറായി ഉയർന്നു. ഈ പണമുപയോഗിച്ച് ദരിദ്രരാജ്യങ്ങളിലെ മുഴുവൻ ആൾക്കാരെയും 1.3 തവണ വാക്സിനേഷൻ നൽകാനാകുമെന്നും പീപ്പിൾസ് വാക്സിൻ അലയൻസ് വെളിപ്പെടുത്തുന്നു. ലോക ജനസംഖ്യയുടെ 10 ശതമാനം ആളുകൾ ഉണ്ടായിരുന്നിട്ടും 0.2 ശതമാനം വാക്സിൻ മാത്രമാണ് ഈ രാജ്യങ്ങൾക്ക് ലഭിച്ചത്.ജി 20 ആഗോള ആരോഗ്യ ഉച്ചകോടിക്ക് മുന്നോടിയായി പീപ്പിൾസ് വാക്സിൻ അലയൻസ് അംഗങ്ങളായ ഗ്ലോബൽ ജസ്റ്റിസ് നൗ, ഓക്സ്ഫാം, യുനയ്ഡ്സ് എന്നിവർ ചേർന്നാണ് കോടീശ്വരൻമാരുടെ കണക്കുകൾ ശേഖരിച്ചത്.
കൊവിഷീൽഡ് വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനും അദാർ പൂനവാലയുടെ പിതാവുമായ സൈറസ് പൂനവലയുടെ വരുമാനത്തിലും വൻ വർദ്ധനയുണ്ടായി. കഴിഞ്ഞ വർഷം 8.2 ബില്യൺ ഡോളറായിരുന്നവെങ്കിൽ 2021 ൽ 12.7 ബില്യൺ ഡോളറായി ഉയർന്നുവെന്നും കണക്കുകൾ പറയുന്നു.
ജീവൻ നിലനിർത്താൻ േവണ്ടി ജനം എന്ത് വില നൽകാനും ശ്രമിക്കുമെന്നുള്ള ഉറപ്പാണ് ഈ കെട്ടകാലത്തും കൊള്ളലാഭമെന്ന ലക്ഷ്യം നേടാൻ കുത്തകകളെ പ്രേരിപ്പിക്കുന്നത്. ലോക ജനങ്ങളുടെ പണം കൊണ്ടാണ് ഇവർ കോടീശ്വരൻമാരാകുന്നതെന്നും അവർ കുറ്റപ്പെടുത്തി.
അതെ സമയം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ഈ മരുന്ന്കമ്പനികൾക്ക് വലിയവില നൽകി വാക്സിൻ വാങ്ങാനാകാത്ത സാഹചര്യമുണ്ട്. അതിനാൽ വാക്സിൻ എന്നത് പണസമ്പാദനത്തിനുള്ള മാർഗം മാത്രമാകരുത്. നന്മയായിരിക്കണം അതിന് പിന്നിലെ ഘടകം. വാക്സിൻ ഉൽപാദന രംഗത്തെ കുത്തകവത്കരണം അവസാനിപ്പിച്ചാലെ അതിന് പരിഹാരമുണ്ടാകുവെന്നും പീപ്പിൾസ് വാക്സിൻ അലയൻസ് വാദിക്കുന്നു.
മോഡേണയുടെ സി.ഇ.ഒ സ്റ്റീഫൻ ബാൻസെൽ,സി.ഇ.ഒയും ബയോടെക്കിന്‍റെ സഹസ്ഥാപകനുമായ ഉഗുർ സാഹിൻ, ഇമ്യൂണോളജിസ്റ്റും മോഡേണയുടെ സ്ഥാപക നിക്ഷേപകനുമായ തിമോത്തി സ്പ്രിംഗർ, മോഡേണയുടെ ചെയർമാൻ നൗബർ അഫിയാൻ അടക്കം ഒമ്പതുപേരാണ് ശതകോടീശ്വരൻമാരുടെ പട്ടികയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.